24 December 2024

ലോക്സഭ തെരഞ്ഞെടുപ്പില്‍ വാരാണസി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോദി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയ്ക്ക് സമയം കുറിച്ച പൂജാരിയായ ഗണേശ്വര്‍ ശാസ്ത്രിയാണ് മോദിക്ക് നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയവും നിശ്ചയിച്ചത.് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗണേശ്വര്‍ ശാസ്ത്രി തുടങ്ങിയവര്‍ പത്രികാ സമര്‍പ്പണ വേളയില്‍ മോദിക്കൊപ്പമുണ്ടായിരുന്നു. കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോദി പത്രിക സമര്‍പ്പിക്കുന്നതിനായി കലക്ടറേറ്റില്‍ എത്തിയത്.

വാരാണസിയിലെ സാധാരണക്കാരെയാണ് പത്രികയില്‍ ഒപ്പുവെയ്ക്കാന്‍ മോദി തെരഞ്ഞെടുത്തത്. ബ്രാഹ്‌മണ സമുദായത്തില്‍ നിന്നുള്ള ഒരു വ്യക്തി, ഒബിസി, ദളിത് വിഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ എന്നിവരാണ് മോദിയുടെ പത്രികയില്‍ ഒപ്പുവെച്ചത്.

പത്രികാ സമര്‍പ്പണത്തിന് മുമ്പായി ഗംഗാതീരത്തെ ദശാശ്വമേധ് ഘട്ടില്‍ മോദി പ്രാര്‍ത്ഥന നടത്തിയിരുന്നു. വാരാണസിയില്‍ പത്രിക സമര്‍പ്പിക്കുന്നതിനായി ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ തുടങ്ങിയവര്‍ മോദിയെ അനുഗമിച്ചിരുന്നു.

ഇത് മൂന്നാം തവണയാണ് നരേന്ദ്രമോദി വാരാണസിയില്‍ ജനവിധി തേടുന്നത്. 2014 ല്‍ 3.72 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനും, 2019 ല്‍ 4.8 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനുമാണ് വാരാണസിയില്‍ നിന്നും നരേന്ദ്രമോദി വിജയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന്‍രെ അവസാനഘട്ടമായ ജൂണ്‍ ഒന്നിനാണ് ഇത്തവണ വാരാണസിയില്‍ വോട്ടെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!