ഇന്ത്യയുടെ നല്ല ഭാവിയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അക്കമിട്ട് നിരത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയില്‍ ‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന വിഷയത്തില്‍ സംസാരിക്കുന്നതിനിടെയാണ് രാജ്യത്തിന്റെ ഭാവിയ്ക്കായി അനുവര്‍ത്തിക്കേണ്ട 11 നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ട് വെച്ചത്. സമകാലികമായ വെല്ലുവിളികള്‍ അഭിമുഖീകരിക്കുമ്പോള്‍ ഭരണഘടനാ മൂല്യങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്താന്‍ ഇവ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഐക്യം, സമഗ്രത, പുരോഗതി എന്നീ വിഷയങ്ങളില്‍ ഊന്നി, ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ കാഴ്ചപ്പാടും ഉള്‍ക്കൊണ്ടുള്ളതാണ് ഈ നിര്‍ദേശങ്ങള്‍. അഴിമതിയോട് സഹിഷ്ണുത കാണിക്കരുത്, രാഷ്ട്രീയത്തിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കണം, സ്ത്രീ ശാക്തീകണം വികസനത്തിലൂടെയാവണം, നിയമപാലനത്തില്‍ അഭിമാനിക്കണം, അടിമത്ത മനോഭാവത്തിന്റെ അവശിഷ്ടങ്ങള്‍ പോലും ഇല്ലാതാക്കണം എന്നതടക്കം 11 പ്രമേയങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്നത്.
1- പൗരനായാലും അത് സര്‍ക്കാരായാലും.. എല്ലാവരും അവരവരുടെ കടമ നിര്‍വഹിക്കുക
2-‘സബ്കാ സാത്ത്, സബ്കാ വികാസ്’ ഓരോ പ്രദേശവും എല്ലാ സമൂഹവും വികസനത്തിന്റെ പ്രയോജനം നേടണം, എല്ലാവരും ഒരുമിച്ച് വികസിക്കണം.
3- ‘അഴിമതിയോട് സഹിഷ്ണുത അരുത്’ അഴിമതിക്കാര്‍ക്ക് സാമൂഹിക അഗീകാരം നല്‍കാതിരിക്കുക
4- രാജ്യത്തെ നിയമങ്ങള്‍, പൗരന്മാര്‍ രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നതിലും പാരമ്പര്യത്തിലും അഭിമാനിക്കുക
5- അടിമത്ത മനോഭാവത്തിന്റെ അവശിഷ്ടങ്ങള്‍ പോലും ഇല്ലാതാക്കണം, നാടിന്റെ പൈതൃകത്തില്‍ അഭിമാനിക്കുക.
6- സ്വജനപക്ഷപാതത്തില്‍ നിന്ന് മുക്തമാകുന്നതാകണം രാജ്യത്തിന്റെ രാഷ്ട്രീയം.
7- ഭരണഘടന മാനിക്കപ്പെടണം; അത് രാഷ്ട്രീയ നേട്ടത്തിന് ആയുധമാക്കാതിരിക്കുക
8- സംവരണം ആരില്‍ നിന്നും തട്ടിയെടുക്കരുത്, മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാനുള്ള എല്ലാ ശ്രമങ്ങളും അവസാനിപ്പിക്കുക
9- സ്ത്രീകളിലൂടെയുള്ള വികസനത്തില്‍ ഇന്ത്യ ലോകത്തിന് മാതൃകയാകണം
10- ‘സംസ്ഥാന വികസനത്തിലൂടെ രാജ്യത്തിന്റെ വികസനം..’ ഇതായിരിക്കണം നമ്മുടെ വികസന മന്ത്രം (‘രാജ്യ സേ രാഷ്ട്ര കാ വികാസ്’).
11- ‘ഏക ഇന്ത്യ, ശ്രേഷ്ടമായ ഇന്ത്യ'(‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’) എന്ന ലക്ഷ്യം പരമപ്രധാനമായിരിക്കണം