എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും നിയുക്ത വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് എംപി.യായി സത്യപ്രതിജ്ഞ ചെയ്യും.
എം പി.യായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് ചീഫ് ഇലക്ഷന്‍ ഏജന്റ് കെ.എല്‍. പൗലോസില്‍ നിന്ന് പ്രിയങ്ക ഗാന്ധി ഇന്ന് ഏറ്റുവാങ്ങി.
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, വയനാട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി. അനില്‍കുമാര്‍ എം.എല്‍.എ, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എല്‍.എ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഡല്‍ഹിയില്‍ വെച്ചാണ് സര്‍ട്ടിഫിക്കറ്റ് ഏറ്രുവാങ്ങിയത്. ഇന്നലെ രാവിലെ പ്രിയങ്കയെ താമസസ്ഥലത്ത് സന്ദര്‍ശിച്ചാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.
ഉപതിരഞ്ഞെടുപ്പിലെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതിന് ശേഷം പ്രിയങ്ക ഗാന്ധി 30-ാം തീയ്യതി ശനിയാഴ് വയനാട്ടിലെത്തും. രണ്ട് ദിവസത്തേക്കായിരിക്കും പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനം. രാഹുല്‍ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങള്‍ പ്രിയങ്ക ഗാന്ധി തുടരുമെന്നും വയനാടിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ടി.സിദ്ധിഖ് എംഎല്‍എ പറഞ്ഞു. വോട്ട് ചെയ്തു വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതിനായിട്ടാണ് പ്രിയങ്ക എത്തുന്നത്. 4.10 ലക്ഷത്തിലധികം വോട്ടിന്റെ തകര്‍പ്പന്‍ ഭൂരിപക്ഷത്തോടെയാണ് പ്രിയങ്ക വയനാട്ടില്‍ വിജയിച്ചത്.
ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട വിഷയം ഇന്ന് പ്രിയങ്ക പാര്‍ലമെന്റില്‍ ഉന്നയിച്ചേക്കുമെന്ന് ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ സമരം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. നാളെ എംപിമാര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
30ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദര്‍ശനം നടത്തുന്നത്. ഒന്നിന് വയനാട് ജില്ലയിലും സന്ദര്‍ശനം നടത്തും.
ഉപതിരഞ്ഞെടുപ്പില്‍ 9,57,571 വോട്ടാണ് മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തത്. ഇതില്‍ 6,22,338 വോട്ട് നേടി പ്രിയങ്കാ ഗാന്ധിയിലൂടെ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് ലഭിച്ചത് 2,11,407 വോട്ടാണ്. 1,09,939 വോട്ടുകളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യ ഹരിദാസിന് ലഭിച്ചത്.