ന്യൂഡല്‍ഹി: ഇന്നലെ അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെക്കും. അദ്ദേഹത്തിന്റെ ഡല്‍ഹി വസന്ത് കുഞ്ചിലുള്ള വസതിയിലാണ് മൃതദേഹം പൊതുദര്‍ശനത്തിനു വക്കുക.
വൈകീട്ട് ആറ് മണിയോടെയായിരിക്കും എയിംസില്‍ നിന്ന് ഭൗതീക ശരീരം വസതിയില്‍ എത്തിക്കുക. ബന്ധുകളും അടുത്ത സുഹൃത്തുക്കളും വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കും. നാളെയാണ് ഡല്‍ഹി എകെജി ഭവനിലെ പൊതുദര്‍ശനം. രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് പൊതുദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ശേഷം മൃതദേഹം ഡല്‍ഹി എയിംസ് ആശുപത്രിയുടെ അനാട്ടമി വിഭാഗത്തിന് കൈമാറും.
ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു യെച്ചൂരി. 72 വയസ്സായിരുന്നു.
2015 ഏപ്രില്‍ മാസത്തില്‍ സിപിഐഎമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി നിയോഗിതനായ യെച്ചൂരി ഏറ്റവും ഒടുവില്‍ 2022 ഏപ്രിലില്‍ കണ്ണൂരില്‍ വെച്ച നടന്ന സിപിഐഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാംവട്ടവും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടിരുന്നു. സിപിഐഎമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്. സാമ്പത്തിക ശാസ്ത്രം, ചരിത്രം, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം എന്നിവയില്‍ വലിയ അവഗാഹമുള്ള നേതാവായാണ് സീതാറം യെച്ചൂരി പരിഗണിക്കപ്പെടുന്നത്.