27 December 2024

കൂത്തുപറമ്പ്: സമരനായകന്‍ പുഷ്പന്‍ അന്തരിച്ചു. 54 വയസായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആഗസ്ത് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങള്‍ക്കിരകളായി ജീവിതം തകര്‍ന്നവര്‍ ഏറെയുണ്ടെങ്കിലും ജീവിക്കുന്ന രക്തസാക്ഷിയെന്ന വിശേഷണം പുഷ്പനോളം ചേരുന്നവര്‍ സിപിഎമ്മില്‍ വിരളമായിരുന്നു. പുഷ്പന്‍റെ ചരിത്രം പാര്‍ട്ടിക്കാര്‍ക്ക് ആവേശമായെങ്കിലും ആ രണഗാഥയ്ക്കാധാരമായ വിഷയത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോകുന്നതിനും പുഷ്പന്‍ സാക്ഷിയായി. അപ്പോഴും ഒരു എതിര്‍ശബ്ദവും ഉയര്‍ത്താതെ പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കുകയായിരുന്നു പുഷ്പന്‍.

കര്‍ഷക തൊഴിലാളി കുടുംബത്തില്‍ പിറന്ന പുഷ്പന് എട്ടാം ക്ളാസ് വരെ മാത്രമായിരുന്നു ഔപചാരിക വിദ്യാഭ്യാസം. നാട്ടില്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന പുഷ്പന്‍,  കുടുംബം പുലര്‍ത്താനായി ബംഗളൂരുവിലേക്ക് വണ്ടി കയറി. അവിടെ പലചരക്ക് കടയിലായിരുന്നു ജോലി. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ സ്വാശ്രയ കോളജ് വിരുദ്ധ സമരം കേരളത്തില്‍ ആളിക്കത്തുകയാണ്. പുഷ്പനും അതിന്‍റെ ഭാഗമായി. അങ്ങനെയാണ് 1994 നവംബര്‍25 വെളളിയാഴ്ച കൂത്തുപറമ്പിൽ എംവി രാഘവനെ തടയാനുളള സമരത്തിന്‍റെ ഭാഗമാകുന്നത്.
കൂത്തുപറമ്പിൽ അര്‍ബന്‍ ബാങ്ക് സായാഹ്ന ശാഖ ഉദ്ഘാടനത്തിനെത്തിയതായിരുന്നു സഹകരണ മന്ത്രിയായിരുന്ന എംവി രാഘവന്‍. ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ടിയിരുന്ന മന്ത്രി എന്‍ രാമകൃഷ്ണന്‍, സംഘര്‍ഷ സാധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ചടങ്ങില്‍ നിന്ന് പിന്‍മാറിയെങ്കിലും രാഘവന്‍ ഉറച്ച് നിന്നു. രാഘവനെ തടയാനായി കൂത്തുപറമ്പിലും പരിസര പ്രദേശങ്ങളിലുമായി രണ്ടായിരത്തോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ഒടുവില്‍ മന്ത്രി രാഘവനെത്തിയപ്പോഴേക്കും പ്രവര്‍ത്തകര്‍ ഇരച്ചെത്തി, പൊലീസ് ലാത്തിച്ചാർജ് തുടങ്ങിയതിനു പിന്നാലെ പ്രവര്‍ത്തകര്‍ കല്ലേറ് തുടങ്ങി.

ഇതോടെയാണ് പൊലീസ് വെടിവയ്പ്പ് ഉണ്ടായത്. പൊലീസ് നടത്തിയ രണ്ട് ഘട്ടമായി നടത്തിയ വെടിവെയ്പ്പില്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് കെകെ രാജീവന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി റോഷന്‍, പ്രവര്‍ത്തകരായ ഷിബുലാല്‍, മധു, ബാബു എന്നിവര്‍ മരിച്ചു വീണു. ‍കഴുത്തിന് പിന്നിലേറ്റ വെടിയുണ്ട പുഷ്പന്‍റെ സുഷുമ്ന നാഡിയിലാണ് പ്രഹരമേല്‍പ്പിച്ചത്. കഴുത്തിന് താഴേക്ക് തളര്‍ന്ന പുഷ്പന്‍ അന്ന് മുതല്‍ കിടപ്പിലായിരുന്നു പാര്‍ട്ടിയുടെ വലയത്തിലായിരുന്നു പിന്നിടുളള ജീവിതം.

കൂത്തുപറമ്പ് വെടിവയ്പ്പില്‍ പാര്‍ട്ടി പ്രതി സ്ഥാനത്തു നിര്‍ത്തിയ എംവിആറിനെ രണ്ടു പതിറ്റാണ്ടിനു ശേഷം രാഷ്ട്രീയ ആലിംഗനം ചെയ്യുന്നതും കേരളം കണ്ടു. എംവിആറിന്‍റെ മകന് നിയമസഭാ സീറ്റും പിന്നീട് പാര്‍ട്ടി പദവിയും നല്‍കി. എന്നാല്‍ പാര്‍ട്ടിക്കപ്പുറം ഒരു വാക്കില്ലാത്ത പുഷ്പന്‍ ഒരു എതിര്‍ശബ്ദവും ഉയര്‍ത്തിയില്ല. വെടിവയ്പ്പിന് കാരണമായ സ്വാശ്രയ കോളേജുകളുടെ കാര്യത്തില്‍ സിപിഎം നിലപാട് മാറ്റുന്നതും പുഷ്പന്‍ കണ്ടു. അപ്പോഴും ഒരു എതിര്‍ ശബ്ദവും ഉയര്‍ത്താതെ പുഷ്പന്‍. അടിയുറച്ച പാര്‍ട്ടിക്കാരനായി തന്നെ തുടര്‍ന്നു. അതുകൊണ്ടു തന്നെ പുഷ്പന്‍റെ ചരിത്രം പാട്ടുകളായും പ്രസംഗങ്ങളായും പാര്‍ട്ടി വേദികളില്‍ ആഘോഷിക്കപ്പെടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!