തിരുവനന്തപുരം: പി വി അന്‍വര്‍ രാഷ്ട്രീയമായി പുതിയ നീക്കം നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഡിഎംകെയുമായി അടുക്കാനുള്ള നീക്കം മുന്നോട്ടുപോവാകാതെ വന്നതോടെയാണ് അന്‍വറിന്റെ ശ്രദ്ധേയമായ ഈ നീക്കം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമാവാനാണ് അന്‍വര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ കുറച്ചു ദിവസമായി ഡല്‍ഹിയിലുള്ള അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുമായും നേതാക്കളുമായും ചര്‍ച്ച നടത്തിയെന്നാണ് വിവരം. അന്‍വറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയെ തൃണമൂലിന്റെ ഭാഗമാക്കാനാണ് ശ്രമം. ഇത് സംബന്ധിച്ച പ്രഖ്യാപനം അടുത്തയാഴ്ചയോടെ നടന്നേക്കും.
എം കെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെയുമായി കൈകോര്‍ക്കാനുള്ള അന്‍വറിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. ഇന്‍ഡ്യ മുന്നണിയിലെയും തമിഴ്നാട്ടിലെയും ഘടകകക്ഷിയായ സിപിഐഎമ്മിനോട് ഇടഞ്ഞു നില്‍ക്കുന്ന അന്‍വറിനെ കൂടെ ചേര്‍ക്കേണ്ടെന്ന തീരുമാനം സ്റ്റാലിന്‍ കൈക്കൊള്ളുകയായിരുന്നു.
സംസ്ഥാനത്തെ ഭൂരിപക്ഷം ജില്ലകളിലും അന്‍വര്‍ സംഘടന സംവിധാനം ഉണ്ടാക്കിയെടുത്തിരുന്നു. അതിന് ശേഷമാണ് തൃണമൂലുമായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. നേരത്തെ ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍ കെ സുധീറിന് 3000 വോട്ടുകളാണ് ലഭിച്ചത്.
നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്തതു മൂലം പാര്‍ട്ടിയുടെ ഭാവി എന്ത് എന്ന ചോദ്യം ഉയര്‍ന്നിരിക്കെയാണ് പി വി അന്‍വര്‍ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
സൗഹൃദ കൂടിക്കാഴ്ചയാണ് മുസ്ലീം ലീഗ് നേതാക്കളുമായി നടത്തിയതെന്നും അവരുമായി രാഷ്ട്രീയം ഇല്ലായെന്നുമായിരുന്നു കൂടിക്കാഴ്ചയെക്കുറിച്ചുള്ള പി വി അന്‍വറിന്റെ പ്രതികരണം. റിപ്പോര്‍ട്ടറിനോട് സംസാരിക്കവെയായിരുന്നു പി വി അന്‍വര്‍ കൂടിക്കാഴ്ചയെ സംബന്ധിച്ച് വിശദീകരിച്ചത്. ലീഗിലേക്ക് താന്‍ ഒരിക്കലും പോകില്ല, ഇപ്പോഴുള്ള സാമൂഹിക സംഘടനയെ രാഷ്ട്രീയ സംഘടനയാക്കി മാറ്റാനാണ് തന്റെ ശ്രമമെന്നും പി വി അന്‍വര്‍ പറഞ്ഞു. ഇപ്പോഴുള്ള നില തന്നെ തുടരുമെന്നും രാഷ്ട്രീയനിലപാടില്‍ തത്കാലം മാറ്റമില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. കെ സുധാകരനുമായും രമേശ് ചെന്നിത്തലയുമായും താന്‍ കൂടിക്കാഴ്ച നടത്താറുണ്ടെന്നും അവരെല്ലാം ഡല്‍ഹിയില്‍ ഉണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു.