ദോഹ: ടി20 ലോകകപ്പ് ക്രിക്കറ്റ് ഏഷ്യൻ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തറിന് ജയം. ചൊവ്വാഴ്ച രാവിലെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തായ്ലൻഡിനെ അഞ്ചു വിക്കറ്റിനാണ് ഖത്തർ തോൽപിച്ചത്. ഏഴു വിക്കറ്റ് നഷ്ടത്തിൽ ആദ്യം ബാറ്റുചെയ്ത തായ്ലൻഡ് 122 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഖത്തർ 17.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
50 റൺസുമായി മുഹമ്മദ് അഹ്നാഫും 48 റൺസുമായി മുഹമ്മദ് തൻവീറും ഗ്രൗണ്ടിൽ ഖത്തറിന്റെ വിജയ വാഹകരായി.
ചൊവ്വാഴ്ചയിലെ മറ്റു മത്സരങ്ങളിൽ ബഹ്റൈനും യു.എ.ഇയും വിജയിച്ചു. ബഹ്റൈൻ സൗദി അറേബ്യയെ മൂന്നു റൺസിനും യു.എ.ഇ ഭൂട്ടാനെ 63 റൺസിനുമാണ് തോൽപിച്ചത്. ബുധനാഴ്ച കംബോഡിയ -തായ്ലൻഡ് (രാവിലെ ഒമ്പത്), ഭൂട്ടാൻ -ഖത്തർ (രാവിലെ ഒമ്പത്), സൗദി അറേബ്യ – യു.എ.ഇ (ഉച്ച 1.30) മത്സരങ്ങൾ നടക്കും.