പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ ശ്രമങ്ങളെ സിഡബ്ല്യുസി പ്രമേയം പ്രശംസിച്ചു. പ്രമേയം രാഹുല്‍ ഗാന്ധി എതിര്‍ത്തില്ല. ഇതോടെ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്നതില്‍ വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. ശനിയാഴ്ച വൈകിട്ട് ചേരുന്ന പാര്‍ലമെന്ററി സമിതി യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സോണിയാ ഗാന്ധിയെ തിരഞ്ഞെടുക്കും. തുടര്‍ന്ന് രാജ്യസഭയിലെയും ലോക്സഭയിലെയും പ്രതിപക്ഷ നേതാക്കളെയും തിരഞ്ഞെടുക്കും.
ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സി.ഡ.ബ്ല്യു.സി രാഹുല്‍ ഗാന്ധിയോട് ഏകകണ്ഠമായി അഭ്യര്‍ഥിച്ചതായി കെസി വേണുഗോപാല്‍ എം.പി വ്യക്തമാക്കി. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെടണമെന്നാണ് സിഡബ്ല്യുസിയുടെ ആഗ്രഹമെന്ന് യോഗത്തിന് ശേഷം കോണ്‍ഗ്രസ് എം.പി കുമാരി സെല്‍ജയും പ്രമോദ് തിവാരിയും പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുള്‍പ്പെടെ നിരവധി നേതാക്കള്‍ ഇതിനോടകം ഈ ആവശ്യം ഉന്നയിച്ചിരുന്നു. 140 കോടി ജനങ്ങളുടെ ആവശ്യമാണ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുകയെന്നതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.