ചണ്ഡീഗഡ്: ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ സംസ്ഥാന പര്യടനം ഇന്ന് ആരംഭിക്കും.തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ സര്‍വസന്നാഹങ്ങളുമായി കളം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാനയില്‍ സംസ്ഥാന പര്യടനം നടത്തും.
മുന്നണിയിലെ കെട്ടുറപ്പ് ഉറപ്പക്കുക, വിഭാഗീയത അവസാനിപ്പിക്കുക, തെരഞ്ഞെടുപ്പില്‍ സാധ്യത വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍. കോണ്‍ഗ്രസിന് നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന മേഖലകള്‍ കേന്ദ്രീകരിച്ചാണ് യാത്ര. പ്രിയങ്കാ ഗാന്ധിയും പര്യടനത്തിന്റെ ഭാഗമാകും എന്നാണ് സൂചന .അതേസമയം വിമത ഭീഷണിയാണ് കോണ്‍ഗ്രസിനും ബിജെപിക്കും ഹരിയാനയില്‍ വെല്ലുവിളിയാകുന്നത്. സ്വതന്ത്രനായി മത്സരിച്ച 13 പേരെ കോണ്‍ഗ്രസും ആറുപേരെ ബിജെപിയും ഇതിനോടകം പുറത്താക്കി കഴിഞ്ഞു.