27 December 2024

ദില്ലി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് അസമും മണിപ്പൂരും സന്ദര്‍ശിക്കും. അസമിലെ പ്രളയബാധിത ജില്ലയായ കാച്ചാറിലാവും ആദ്യം രാഹുല്‍ ഗാന്ധി എത്തുക. ഇവിടുത്തെ ഫുലെര്‍ത്തലില്‍ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയവരെ രാഹുല്‍ ഗാന്ധി കാണും. ഇതിനു ശേഷമാകും രാഹുല്‍ ഗാന്ധി മണിപ്പൂരിലെത്തുക. അടുത്തിടെ സംഘര്‍ഷം നടന്ന മണിപ്പൂരിലെ ജിരിബാമിലെത്തി പലായനം ചെയ്യേണ്ടി വന്നവരോട് രാഹുല്‍ സംസാരിക്കും. പിന്നീട് ഇംഫാലില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ചുരാചന്ദ്പൂരിലും മൊയിറാങിലും ദുരിതാശ്വാസ ക്യംപുകള്‍ സന്ദര്‍ശിക്കും. രണ്ട് വിഭാഗങ്ങളിലെയും നേതാക്കളുമായി രാഹുല്‍ ചര്‍ച്ച നടത്തും. സംസ്ഥാന ഗവര്‍ണ്ണര്‍ അനസൂയ ഉയിക്കയെ കണ്ട ശേഷം രാഹുല്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.


പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുല്‍ മണിപ്പൂരിലെത്തുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണിപ്പൂരിലെ രണ്ടു സീറ്റുകളിലും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രാഹുല്‍ ഗാന്ധിയും സംസ്ഥാന കോണ്‍ഗ്രസും. രാഹുലിന്റെ സന്ദര്‍ശനം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് എം പിമാര്‍ കൂടി പങ്കെടുത്ത യോഗം ഇന്നലെ ഇംഫാലില്‍ ചേര്‍ന്നിരുന്നു. ഇന്ന് രാഹുല്‍ പി സി സി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

അതേസമയം ഇതാദ്യമായല്ല രാഹുലിന്റെ മണിപ്പൂര്‍ സന്ദര്‍ശനം. നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച രാഹുല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി ജെ പിയും മണിപ്പൂരിലെ കലാപവും ആക്രമണങ്ങളും കണ്ടില്ലെന്ന് നടക്കുകയാണെന്നും ആവര്‍ത്തിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ആയ ശേഷമുളള ആദ്യ ലോക്‌സഭാ പ്രസംഗത്തിലും രാഹുല്‍ മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ആദ്യ മണിപ്പൂര്‍ സന്ദര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!