കടുത്തുരുത്തി: വൈക്കം റോഡില്‍ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ ആരംഭിക്കണമെന്ന് ആപ്പാഞ്ചിറ പൗരസമിതി യോഗം ആവശ്യപ്പെട്ടു.
വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ ശബരിമല സ്‌പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ഏറെ സൗകര്യപ്രദമാകും റിസര്‍വേഷന്‍ കൗണ്ടര്‍. തീര്‍ത്ഥാടകരുടെ ഇടത്താവളങ്ങളായ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയശേഷം വരുകയും പോവുകയും ചെയ്യുന്നവര്‍ക്ക് റിസര്‍വേഷന്‍ സൗകര്യം ആവശ്യമാണ്. വൈക്കം റോഡില്‍ സ്റ്റോപ്പുള്ള കേരള എക്‌സ്പ്രസ് അടക്കമുള്ള മറ്റ് എക്‌സ്പ്രസ് ട്രെയിനുകളുടെ യാത്രക്കാര്‍ക്കും ഏറെ ഗുണകരമാകും റിസര്‍വേഷന്‍ കൗണ്ടര്‍. വൈക്കം മീനച്ചില്‍ താലൂക്കുകളിലെ യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമായ റിസര്‍വേഷന്‍ കൗണ്ടര്‍ ആരംഭിക്കണമെന്ന് പൗരസമിതി ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ് .
മുന്‍വര്‍ഷങ്ങളിലെ പോലെ അഷ്ടമി ഉത്സവം പ്രമാണിച്ച് വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്നും പൗരസമിതിയോഗം ആവശ്യപ്പെട്ടു. അഷ്ടമി ഉത്സവത്തിന് വിവിധ ദേശങ്ങളില്‍ നിന്നും എത്തുന്ന ഭക്തര്‍ക്ക് ഏറെ സൗകര്യപ്രദമാണ് വൈക്കം റോഡിലെ സ്റ്റോപ്പ്. ക്ഷേത്രത്തിലേക്കും മറ്റു വ്യാപാര സ്ഥാപനങ്ങളിലേക്കും പൂവടക്കമുള്ള സാധനങ്ങള്‍ എത്തിക്കുന്ന അന്യസംസ്ഥാന കച്ചവടക്കാരടക്കം വൈക്കം റോഡിലെ ട്രെയിന്‍ സ്‌റ്റോപ്പ് മുന്‍കാലങ്ങളില്‍ ഏറെ ഗുണകരമായി ഉപയോഗപ്പെടുത്തിയിരുന്നു
പൗരസമിതി പ്രസിഡന്റ് പി.ജെ.തോമസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അബ്ബാസ് നടയ്ക്കമ്യാലില്‍, ചന്ദ്ര ബോസ് ഭാവന, കുഞ്ഞുകുഞ്ഞ് പുള്ളോന്‍ കാലായില്‍,ജോസഫ് തോപ്പില്‍, ജെയിംസ് പാറയ്ക്കല്‍, മേരിക്കുട്ടി ചാക്കോ,രാജീവ് ചെറുവേലില്‍, അഡ്വ.കെ.എം.ജോര്‍ജ്, ഷാജി കാലായില്‍ ,മണിയപ്പന്‍ എന്‍ റ്റി എന്നിവര്‍ പ്രസംഗിച്ചു.