തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. വടക്കന്‍ കേരളത്തിലും മലയോരമേഖലകളിലും മഴ കനത്തേക്കും. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു.
തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും വടക്കന്‍ തമിഴ്‌നാടിനും തെക്കന്‍ ആന്ധ്രാ പ്രദേശിനും മുകളിലായി നിലനില്‍ക്കുന്ന മറ്റൊരു ചക്രവാതച്ചുഴിയും മധ്യ കിഴക്കന്‍ അറബിക്കടല്‍ മുതല്‍ മാലിദ്വീപ് വരെ 0 .9 കിലോമീറ്റര്‍ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദപാത്തിയുമാണ് കേരളത്തിലെ മഴയെ സ്വാധീനിക്കുന്നത്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത നാലു ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ലക്ഷദ്വീപ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതുണ്ടെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. മണ്ണിടിച്ചില്‍ – ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിച്ച ഇടങ്ങളില്‍ പ്രത്യേക ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.