തിരുവനന്തപുരം: തിരുവനന്തപുരം നേമത്തുള്ള അഗസ്ത്യം കളരിയിലായിരുന്നു അപൂർവ കല്യാണം. നേമം സ്വദേശികളായ രാഹുലും ശിൽപയുമാണ് കളരിത്തറയിൽ വിവാഹിതരായത്.
പൂച്ചെണ്ടിന് പകരം ഉടവാളും മണ്ഡപത്തിന് പകരം കളരിത്തറയുമായിരുന്നു കല്യാണത്തിലെ ഹൈലൈറ്റ്. മിഴാവ് മേളത്തോടെ, കളരി അഭ്യാസികൾ വരനെ സ്വീകരിച്ചു. പിന്നെ തൊഴുതുകയറി, പൂത്തുറ വണക്കത്തിനൊടുവിൽ താലികെട്ടി. ഏഴ് കൊല്ലത്തിലധികമായി അഗസ്ത്യം കളരിയിലെ അഭ്യാസികളാണ് രാഹുലും ശിൽപയും. പുതിയ ജീവിതത്തിലേക്ക് കടന്നതും കളരിയിലൂടെ. കണ്ടുമുട്ടിയതും, പരിചയപ്പെട്ടതും, കല്യാണം കഴിക്കാൻ തീരുമാനിച്ചതും ഇവിടെ വച്ചായിരുന്നു. അപ്പോൾ കല്യാണവേദിയും ഇത് തന്നെയെന്നതായിരുന്നു ഇരുവരും ഒന്നിച്ചെടുത്ത തീരുമാനം.
കുരുത്തോലയും പൂക്കളും കൊണ്ട് അലങ്കരിച്ചായിരുന്നു കളരിത്തറ വിവാഹത്തിനൊരുക്കിയത്. ഒന്നരവർഷം മുമ്പായിരുന്നു രാഹുലിന്റെയും
ശിൽപയുടെയും വിവാഹനിശ്ചയം. അഗസ്ത്യം കളരിയിലെ അഭ്യാസികൾ മാത്രമല്ല, പരിശീലകർ കൂടിയാണ് ഇരുവരും. ഇനി ജീവിതമാകുന്ന കളരിയിൽ, ഇവരൊന്നിച്ച് ചുവടുവയ്ക്കും.