തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് അനുവദിച്ചിട്ടുള്ള സമയം ഇന്ന് പൂര്‍ത്തിയാകും. എല്ലാ ജില്ലകളിലും 90 ശതമാനം ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തീകരിച്ചതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ മസ്റ്ററിങ് ചെയ്യാന്‍ കഴിയാതെ പോയവര്‍ക്കായി ബദല്‍ സംവിധാനം ഒരുക്കും. 14 ജില്ലകളില്‍ മൂന്ന് ഘട്ടമായാണ് മസ്റ്ററിങ് പൂര്‍ത്തീകരിച്ചത്.
അതേസമയം സംസ്ഥാനത്തെ ഒരുലക്ഷത്തിലേറപ്പേരുടെ മസ്റ്ററിങാണ് അസാധുവാക്കിയത്. ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരിലെ പൊരുത്തക്കേടാണ് മസ്റ്ററിങ് അസാധുവാക്കാന്‍ കാരണം. ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ വ്യത്യസ്തമാണെങ്കില്‍ മസ്റ്ററിങ് കൃത്യമായി നടക്കില്ല. വ്യത്യാസം മുപ്പത് ശതമാനം വരെയാകാം. അതില്‍ കൂടിയാല്‍ മസറ്ററിങ് അസാധുവാകും. ഇക്കാര്യം പല ഉപഭോക്താക്കള്‍ക്കും അറിയില്ല എന്നതായിരുന്നു വാസ്തവം.
റേഷന്‍കടകളിലെ ഇ-പോസ് യന്ത്രത്തില്‍ വിരലടയാളം നല്‍കിയവര്‍ മസ്റ്ററിങ് വിജയകരമായി പൂര്‍ത്തിയാക്കിയെന്നു കരുതിയാണ് മടങ്ങിയത്. എന്നാല്‍ താലൂക്ക് സപ്ലൈ ഓഫീസുകളിലെ വിദഗ്ധ പരിശോധനയില്‍ മസ്റ്ററിംഗ് അസാധുവാകുകയായിരുന്നു. സംസ്ഥാനത്ത് മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി 1.56 കോടി പേരുടെ മസ്റ്ററിങാണ് ഇതുവരെ നടന്നത്. അതില്‍ 20 ലക്ഷത്തോളം പേരുടെ മസ്റ്ററിംഗ് സാധുത പരിശോധിക്കാനുണ്ട്. അതുകൂടി പരിശോധിക്കുമ്പോള്‍ അസാധുവായവരുടെ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത.
ഒക്ടോബര്‍ 31നുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കണമെന്ന് പറഞ്ഞ് സംസ്ഥാനത്തിന് കേന്ദ്രം കത്ത് നല്‍കിയിരുന്നു. റേഷന്‍ കാര്‍ഡില്‍ പേര് ഉള്ളവരെല്ലാം മസ്റ്ററിങ് പൂര്‍ത്തിയാക്കിയിലല്ലെങ്കില്‍ അരിവിഹിതം നല്‍കില്ലെന്ന് കേന്ദ്രം കത്തിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മസ്റ്ററിങ് വേഗത്തില്‍ പൂര്‍ത്തീകരിക്കാനായുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചത്.