തിരുവനന്തപുരം: റേഷൻകട വഴിയുള്ള കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയിടുന്നതിന് കർശന നടപടികളുമായി ഭക്ഷ്യവകുപ്പ്. ഇനിമുതൽ ഭക്ഷ്യധാന്യങ്ങളുടെ ദിവസേനയുള്ള സ്റ്റോക്ക് വിവരം ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ കടകൾക്ക് മുൻവശത്ത് പ്രദർശിപ്പിക്കണമെന്ന് റേഷനിങ് കൺട്രോളർ നിർദേശം നൽകി. ഓരോ ദിവത്തെയും സ്റ്റോക്ക് വിവരം എല്ലാ റേഷൻ വ്യാപാരികളും എഴുതി പ്രദർശിപ്പിട്ടുണ്ടെന്ന് റേഷനിങ് ഇൻസ്പെക്ടർമാർ ഉറപ്പ് വരുത്തണം. കടകളിൽ വിതരണത്തിന് ആവശ്യമായ സ്റ്റോക്ക് ഉറപ്പുവരുത്തേണ്ടത് റേഷനിങ് ഇൻസ്പെക്ടർമാരുടെ കടമയാണെന്നും ഉത്തരവിലുണ്ട്. ‘ഓപറേഷൻ സുഭിക്ഷ’യുടെ അടിസ്ഥാനത്തിൽ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യവകുപ്പിന്റെ നടപടി.
കഴിഞ്ഞ ഡിസംബറിലാണ് 64 കടകളിൽ വിജിലൻസ് പരിശോധന നടത്തിയത്. ഭൂരിഭാഗം കടകളിലും സ്റ്റോക്കിലും ഇ-പോസ് ബില്ലിങ്ങിലും വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. പല കടകളിലും കാർഡുടമകൾക്ക് അർഹതപ്പെട്ട വിഹിതം നൽകുന്നില്ല. ഉപഭോക്താക്കൾ വാങ്ങാത്ത റേഷൻ സാധനങ്ങളും ബില്ലിൽ ഉൾപ്പെടുത്തിയ ശേഷം റേഷൻ കട ഉടമകൾ കൂടുതൽ തുകക്ക് മറിച്ചു വിൽക്കുന്നതായും ചില കടയുടമകൾ ബില്ലിൽ രേഖപ്പെടുത്തുന്ന അളവില്‍ സാധനങ്ങൾ തൂക്കി നൽകുന്നില്ലെന്നും കണ്ടെത്തി. ചില സ്ഥലങ്ങളിൽ റേഷൻ കാർഡ് ഇല്ലാത്ത അന്തർസംസ്ഥാന തൊഴിലാളികൾക്കുവരെ കൂടിയ തുകക്ക് റേഷൻ സാധനങ്ങൾ മറിച്ചുവിൽക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പ്രശാന്ത് നഗറിലെ കടയില്‍നിന്നും കാർഡില്ലാത്ത അന്തർസംസ്ഥാന തൊഴിലാളിക്ക് 20 കിലോ ചമ്പാവരി കൂടിയ വിലയ്ക്കു വിറ്റത് വിജിലൻസ് കൈയോടെ പിടികൂടിയിരുന്നു. പല കടകളിലും റേഷൻ സാധനങ്ങൾ തൂക്കി നൽകുന്ന ഇലക്ട്രോണിക് ത്രാസുകൾ വെച്ചിരിക്കുന്നത് കാർഡുടമകൾക്ക് കാണാവുന്ന തരത്തിലല്ല. ഇനിമുതൽ എല്ലാ കടകളിലും ഇലക്ട്രോണിക് ത്രാസുകൾ പൊതുജനത്തിന് കാണുന്ന വിധത്തിലായിരിക്കണമെന്നും വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.