കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതര്‍ക്ക് ജയം. സിപിഎം പിന്തുണയോടെയാണ് കോണ്‍ഗ്രസിലെ വിമതരുടെ 11 അംഗ പാനല്‍ ജയിച്ചത്.
ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിലാണ് പാനല്‍ മത്സരിച്ചത്. ജി സി പ്രശാന്ത് കുമാറിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് ജില്ല നേതൃത്വം നിര്‍ദേശിച്ച പാനലും കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട ബാങ്കിന്റെ നിലവിലെ ചെയര്‍മാന്‍ പ്രശാന്ത് കുമാര്‍ നേതൃത്വം നല്‍കുന്ന പാനലും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ഇരുപക്ഷത്തെയും 11 പേര്‍ വീതം 22 ഉം എട്ട് ബിജെപി പ്രതിനിധികളും ഒരു സ്വതന്ത്രനുമടക്കം 11 അംഗ ഭരണ സമിതിയിലേക്ക് ആകെ 31 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. 36,000ത്തോളം വോട്ടര്‍മാരില്‍ 9000ത്തില്‍ താഴെ അംഗങ്ങളാണ് വോട്ടുചെയ്തത്.
വാശിയേറിയ തിരഞ്ഞെടുപ്പില്‍ ആദ്യവസാനം വരെ സംഘര്‍ഷമായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന്റെ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷവും സിപിഎം പിന്തുണയുള്ള വിമതപക്ഷവും രംഗത്തിറങ്ങിയ തെരഞ്ഞെടുപ്പില്‍ ഇരുപക്ഷവും അരയും തലയും മുറുക്കി രംഗത്തെത്തിയിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സംഘത്തെ സുരക്ഷയ്ക്ക് നിയോഗിച്ചെങ്കിലും ഇവരെ കാഴ്ചക്കാരാക്കിയായിരുന്നു ഏറ്റുമുട്ടല്‍. ഇരുപക്ഷവും തങ്ങളുടേതല്ലാത്ത വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തു. അക്രമി സംഘത്തെ ഭയന്ന് നൂറുകണക്കിനാളുകളാണ് വോട്ടുചെയ്യാതെ മടങ്ങിയത്. വോട്ടുചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നവര്‍ക്കാണ് മര്‍ദനമേറ്റത്. സ്ത്രീകളടക്കമുള്ളവര്‍ക്കുനേരെ അക്രമികള്‍ അസഭ്യവര്‍ഷവും നടത്തി. മാത്രമല്ല ബാങ്കിന്റെ അംഗത്വ കാര്‍ഡുകള്‍ അടക്കം പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ പറയഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്‌കൂളിലായിരുന്നു വോട്ടെടുപ്പ്. രാവിലെതന്നെ വോട്ടുചെയ്യാന്‍ വലിയതോതില്‍ ആളുകള്‍ എത്തിയെങ്കിലും പത്തുമണിയോടെ ഇരുപക്ഷവും കള്ളവോട്ട് ആരോപണം ഉയര്‍ത്തി പ്രതിഷേധിച്ചതാണ് തര്‍ക്കമായത്.
അതേസമയം, ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഞായറാഴ്ച ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആംബുലന്‍സ്, ആശുപത്രി, വിവാഹ സംഘം, മറ്റ് അവശ്യ സര്‍വിസ് എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. വ്യാപാരികള്‍ അടക്കം ജനങ്ങള്‍ ഹര്‍ത്താലുമായി സഹകരിക്കണമെന്ന് എം കെ രാഘവന്‍ എം പിയും ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാറും വാര്‍ത്തസമ്മേളത്തില്‍ ആവശ്യപ്പെട്ടു.