26 December 2024

വാഷിങ്ടൺ: ഹൂതികളുടെ ആക്രമണത്തിൽനിന്ന് കപ്പലുകൾക്ക് സംരക്ഷണം നൽകാൻ രൂപവത്കരിച്ച ചെങ്കടൽ സംരക്ഷണ സഖ്യത്തിൽ 20 രാജ്യങ്ങൾ പങ്കുചേർന്നതായി അമേരിക്ക. യു.എസിന്റെ നേതൃത്വത്തിൽ ചെങ്കടലിൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. ഗസ്സയിൽ ഇസ്രായേൽ അതിക്രമം അവസാനിപ്പിക്കുന്നതുവരെ ചെങ്കടൽ വഴി ഇസ്രായേലിന്റെയോ അവരുമായി ബന്ധമുള്ള മറ്റുള്ളവരുടെയോ കപ്പലുകൾ പോകാൻ അനുവദിക്കില്ലെന്നാണ് യമനിലെ ഹൂതി വിഭാഗത്തിന്റെ നിലപാട്.

11 കപ്പലുകൾക്കുനേരെ ഇതിനകം ആക്രമണമുണ്ടായി. ഒരു കപ്പൽ പിടിച്ചെടുത്ത് യമൻ തീരത്ത് അടുപ്പിച്ചിരിക്കുകയാണ്. തുടർന്ന് ലോകത്തിലെ പ്രമുഖ കാർഗോ കമ്പനികൾ ചെങ്കടൽ വഴിയുള്ള ചരക്കുനീക്കം താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. ലോക വ്യാപാരത്തിന്റെ 12 ശതമാനവും ചെങ്കടൽ വഴിയാണ് നടക്കുന്നത്. വർഷത്തിൽ 17000ത്തിലധികം കപ്പലുകളാണ് ഇതുവഴി പോകുന്നത്. ഇത് തടസ്സപ്പെടുന്നത് ആഗോള സമ്പദ് വ്യവസ്ഥയിൽ കനത്ത ആഘാതമുണ്ടാക്കും. ഇന്ത്യൻ സമുദ്രത്തിൽനിന്ന് ചെങ്കടലിലേക്ക് കടക്കുന്ന കവാടമായ ബാബ് അൽ മൻദബ് പ്രദേശത്താണ് ഹൂതികൾ ഡ്രോണുകളും റോക്കറ്റും ഉപയോഗിച്ച് കപ്പലുകൾക്കുനേരെ ആക്രമണം നടത്തുന്നത്.

ആഫ്രിക്കൻ വൻകര ചുറ്റിവരുന്നതാണ് ബദൽ പാത. ഇതിൽ 3500 നോട്ടിക്കൽ മൈൽ ദൂരക്കൂടുതലുള്ളതിനാൽ ചെലവേറും. ചരക്കുനീക്ക ചെലവ് 30 ശതമാനം വർധിക്കുമെന്നാണ് കരുതുന്നത്. അതിനിടെ തങ്ങൾ ചെങ്കടൽ സംരക്ഷണ ദൗത്യത്തിന് സൈന്യത്തെ അയക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് ആസ്ട്രേലിയ രംഗത്തുവന്നു. നേരത്തേ അവരും പട്ടികയിലുണ്ടായിരുന്നു. യമനെ ആക്രമിച്ച് ഹൂതി ഭീഷണി അവസാനിപ്പിക്കണമെന്ന അഭിപ്രായം ഉയർന്നെങ്കിലും അത് എളുപ്പമല്ലെന്ന് വിലയിരുത്തലുണ്ട്.

ഗസ്സയുടെ തീരവും കടലും ഗസ്സക്കാർക്ക് അവകാശപ്പെട്ടതാണെന്നും അവിടെ ഇസ്രായേൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് അന്യായമാണെന്നുമാണ് ഹൂതികൾ പറയുന്നത്. ഗസ്സയെ പട്ടിണിക്കിട്ട് കൊല്ലാൻ അനുവദിക്കില്ലെന്നും ആരെയും ഭയമില്ലെന്നും അവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!