ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി എ. രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ തമിലിശൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് രേവന്ത് റെഡ്ഡി സത്യവാചകം ചൊല്ലിയത്.
ഉപമുഖ്യമന്ത്രിയായി ഭട്ടി വിക്രമാർകയും മന്ത്രിമാരും ഉൾപ്പെടെ 11 പേരും ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാരിൽ രണ്ടു പേർ വനിതകളാണ്. 2014ൽ സംസ്ഥാനം രൂപവത്കരിച്ച ശേഷം മുഖ്യമന്ത്രിയാകുന്ന ആദ്യ കോൺഗ്രസ് നേതാവാണ് രേവന്ത് റെഡ്ഡി. നിലവിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനണ് അദ്ദേഹം.
എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൻ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കമുള്ളവർ പങ്കെടുത്തു.
2014ൽ സംസ്ഥാനം രൂപവത്കരിച്ചത് മുതൽ ഭരിച്ച ബി.ആർ.എസിനെ മലർത്തിയടിച്ചാണ് 64 സീറ്റുകളുമായി കോൺഗ്രസ് തെലങ്കാനയിൽ ഭരണം പിടിച്ചെടുത്തത്.