25 December 2024

വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ റാലിക്കിടെ വെടിവെപ്പ്. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് റിപ്പോര്‍ട്ട്. ട്രംപിന്റെ വലതുചെവിക്ക് പരിക്കേറ്റു. സുരക്ഷാഉദ്യോഗസ്ഥരെത്തി ഉടന്‍ തന്നെ ട്രംപിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. അക്രമി കൊല്ലപ്പെട്ടതായും വിവരമുണ്ട്.


പ്രാദേശിക സമയം ശനിയാഴ്ച രാവിലെ പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. വെടിവെച്ചതെന്ന് സംശയിക്കുന്ന ഒരാളും കാണികളില്‍ ഒരാളും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റാലിയില്‍ പങ്കെടുത്ത മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്.

ട്രംപ് സുരക്ഷിതനാണെന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണമുണ്ടായപ്പോള്‍ വേഗത്തില്‍ ഇടപെട്ട സുരക്ഷാ സേനയ്ക്കും നിയമപാലകര്‍ക്കും നന്ദിപറഞ്ഞ് ട്രംപ് രംഗത്തെത്തി. സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിഡന്റ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ട്രംപ് സുരക്ഷിതനാണെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജോ ബൈഡന്‍ പ്രസ്താവനയില്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!