ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന സന്തോഷവാര്‍ത്തയെത്തി. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്തിന് ഈ സീസണില്‍ ഐപിഎല്ലില്‍ കളിക്കാനാകും. വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് വിശ്രമത്തിലിരിക്കുകയായിരുന്ന താരത്തിന് ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) ഫിറ്റ്‌നസ് ക്ലിയറന്‍സ് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതുസംബബന്ധിച്ചുള്ള ഔദ്യോഗിക പ്രസ്താവനകള്‍ പുറത്തുവന്നിട്ടില്ല.
വാഹനാപകടത്തില്‍ വലതുകാല്‍മുട്ടിനും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ പന്ത് ക്രിക്കറ്റില്‍ നിന്നും വിശ്രമം എടുക്കുകയായിരുന്നു. അപകടത്തിന് ശേഷം താരത്തിന്റെ ഓരോ വാര്‍ത്തകളും വിശേഷങ്ങളും ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നത്.
ഏറെ നാളായി താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയും പരിശീലനവും നടത്തിവരികയായിരുന്നു.ചികിത്സയ്ക്ക് ശേഷം താരം ആദ്യമായി ഒരു ക്രിക്കറ്റ് മത്സരം പൂര്‍ണമായും കളിച്ചത് വാര്‍ത്തയായിരുന്നു. ഇതോടെ 2024 ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളത്തിലിറങ്ങുന്നതിനുള്ള സാധ്യതയും വര്‍ധിച്ചിരുന്നു.