25 December 2024

നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര വിലയെയും മറികടന്ന് റബ്ബറിന്റെ ആഭ്യന്തര വില. ബാങ്കോക്കില്‍ 185 രൂപയാണ് നിലവിലെ വില. അതേ സമയം തദ്ദേശീയ വില 204 രൂപ പിന്നിട്ടു. തായ്ലന്‍ഡിലും മറ്റും വിളവെടുപ്പ് വര്‍ധിച്ചതും വിപണിയില്‍ കൂടുതല്‍ ചരക്കെത്തിയതുമാണ് ഇത്തവണ അന്താരാഷ്ട്ര വില ഇടിയാന്‍ കാരണം.

കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം അന്താരാഷ്ട്ര വിലയായിരുന്നു മുകളില്‍. തായ്ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ മരങ്ങളുടെ രോഗബാധയും മറ്റും കാരണം ഉത്പാദനം കഴിഞ്ഞ വര്‍ഷം വന്‍തോതില്‍ ഇടിഞ്ഞിരുന്നു. ഇതോടെ റബ്ബറിന് ക്ഷാമം വന്നതാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ അന്താരാഷ്ട്രവില കൂടാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ ആര്‍എസ്എസ് നാലിന് 220 രൂപ വരെ വ്യാപാരം നടക്കുമ്പോഴും ഇന്ത്യന്‍ വിപണിയില്‍ വില അന്ന് 170-175 എന്ന നിലയില്‍ നില്‍ക്കുകയായിരുന്നു.

അന്താരാഷ്ട്രവില താഴ്ന്ന് നില്‍ക്കുന്നതിനാല്‍ ടയര്‍ കമ്പനികള്‍ കൂടുതല്‍ ശേഖരിക്കാന്‍ തയ്യാറെങ്കില്‍ പോലും കപ്പല്‍, കണ്ടയ്‌നര്‍ ക്ഷാമം കടമ്പയാണ്. നേരത്തെ ബുക്കുചെയ്ത ചരക്കും 40 ദിവസം വരെ വൈകിയാണ് നീങ്ങുന്നത്. കേരളത്തിലും മറ്റും മഴമറ ഇടീല്‍ പൂര്‍ണമാക്കി ടാപ്പിങ് ജൂലൈയോടെ ശക്തമാകും. ഇതോടെ കൂടുതല്‍ ചരക്ക് വിപണിയില്‍ എത്തും. എന്നാലും കാര്യമായി വില താഴാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്. സെപ്റ്റംബര്‍ വരെ അന്താരാഷ്ട്ര വിപണിയില്‍ പോയ വര്‍ഷത്തെ തോതില്‍ ചരക്ക് എത്തില്ലെന്നാണ് ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മ നടത്തിയ പഠനങ്ങള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!