കര്‍ഷകരെ നിരാശയിലാക്കി കഴിഞ്ഞ കുറച്ച് ആഴ്ചകളായി റബ്ബറിന്റെ വില ഇടിഞ്ഞിരുന്നു. എന്നാല്‍ താഴ്ന്ന വിലയില്‍ നിന്നും വീണ്ടും റബ്ബറിന്റെ വില ഉയരുന്ന ട്രെന്‍ഡാണ് ഇപ്പോള്‍ ഉള്ളത്. കോട്ടയം ജില്ലയില്‍ പ്രധാന ഇനമായ ആര്‍എസ്എസ് 4 ന് കിലോയ്ക്ക് 186 രൂപ കോട്ടയത്ത് ലഭിച്ചിരിക്കുന്നത്. കൂടാതെ 182.50 രൂപയാണ് ആര്‍എസ്എസ് 5 ന് ലഭിക്കുന്നത്.
എന്നാല്‍ റബ്ബര്‍ വില ഉയര്‍ന്നിട്ടും കര്‍ഷകര്‍ക്ക് കാര്യമായ ആശ്വാസം ഇല്ല. കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ മിക്ക ജില്ലകളിലും വേനല്‍ മഴ ലഭിക്കുന്നുണ്ട്. അതിനാല്‍ പല കര്‍ഷകര്‍ക്കും റബ്ബര്‍ ടാപ്പ് ചെയ്യാന്‍ സാധിക്കുന്നില്ല. കൂടാതെ ഉത്പാദനം കുറയുകയും ചെയ്തു. അതിനാല്‍ വില കൂടിയപ്പോള്‍ വില്‍ക്കാന്‍ കര്‍ഷകന്റെ കൈയില്‍ ആവശ്യത്തിനുള്ള റബ്ബര്‍ സ്‌റ്റോക്കില്ല എന്ന അവസ്ഥയാണ് നിലവിലുള്ളത്.
കഴിഞ്ഞ ആഴ്ച 180 രൂപയായിരുന്നു ആര്‍എസ്എസ് 4 ന് സംസ്ഥാനത്ത് ലഭിച്ച വില. ഇതാണ് ഉപ്പോള്‍ 6 രൂപ വര്‍ധിച്ച് 186 ആയിരിക്കുന്നത്. അതിന് മുമ്പത്തെ ആഴ്ച 179 രൂപയായിരുന്നു ലഭിച്ചത്.
തായ്‌ലന്‍ഡില്‍ മഴക്കെടുതി മൂലം റബ്ബറിന്റെ ഉത്പാദനം കുറഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ട്. ഇത് അന്താരാഷ്ട്ര വിപണിയിലേക്കുള്ള റബ്ബറിന്റെ ഒഴുക്ക് കുറച്ചേക്കും. അങ്ങനെയെങ്കില്‍ ഇപ്പോള്‍ രാജ്യാന്തര വിപണിയില്‍ 200 രൂപയുള്ള സ്വാഭാവിക റബ്ബറിന്റെ വില 230 രൂപയിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.