കെഎസ്ആർടിസി ബസിനടിയിൽ ഉറങ്ങിയ അയ്യപ്പന്മാരുടെ കാലിലൂടെ അതേ വാഹനം കയറി. പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രപ്രദേശുകാരായ സായി മഹേഷ് റെഡ്ഡി(32), സൂര്യ ബാബു(22) എന്നിവരുടെ കാലിലൂടെയാണ് വാഹനം കയറിയത്.
തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെ എരുമേലി-ഇലവുങ്കൽ -പമ്പ റോഡിൽ തുലാപ്പള്ളിയിലാണ് സംഭവം. തിരക്കുകാരണം വാഹനങ്ങൾ മണിക്കൂറുകളോളം തടഞ്ഞിട്ടിരുന്നു. ഇവർ എത്തിയ കെ.എസ്.ആർ.ടി.സി. ബസും ഇങ്ങനെ നിർത്തിയിട്ടിരിക്കുകയായിരുന്നു. അപ്പോഴാണ് രണ്ടുപേരും വാഹനത്തിൽനിന്നിറങ്ങി അടിയിൽ കിടന്നുറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
ഇവർ ഉറങ്ങുന്നതറിയാതെ ബസ് മുന്നോട്ടെടുത്തപ്പോഴാണ് കാലിലൂടെ ടയർ കയറിയിറങ്ങിയത്. ഇവരെ ആദ്യം നിലയ്ക്കലിലെ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.