തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിക്കായി കണ്ടെത്തിയ ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി നൽകി. കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിൽ പെട്ട 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ നെൽവയൽ ഉണ്ടെങ്കിൽ ചട്ടങ്ങൾക്ക് അനുസരിച്ച് മാത്രമേ പരിവർത്തനം ചെയ്യാൻ പാടുള്ളൂവെന്നും സർക്കാർ നിർദേശമുണ്ട്.
സാമൂഹികാഘാത പഠനത്തിന്റെയും ജില്ലാ കലക്ടറുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നത്. സെന്റർ ഫോര്‍ മാനേജ്മെന്റ് ഡെവലെപ്മെന്റാണു സാമൂഹിക ആഘാത പഠനം നടത്തിയത്.
ഹാരിസൺ മലയാളം കമ്പനി, ബിലീവേഴ്സ് ചർച്ചിന് വിറ്റ ചെറുവള്ളി എസ്റ്റേറ്റിലാണ് വിമാനത്താവളം നിർമിക്കുന്നത്. ഭൂ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുക്കേണ്ടതെങ്കിലും ഉടമസ്ഥാവകാശം ചോദ്യം ചെയ്ത് സർക്കാർ സിവിൽ കേസ് നൽകിയിട്ടുള്ളതിനാൽ ബിലീവേഴ്സ് ചർച്ചിന് പണം നൽകില്ല. കേസ് അവസാനിക്കുമ്പോൾ കോടതിയിൽ പണം കെട്ടിവെക്കാനാണ് തീരുമാനം.