തിരുവനന്തപുരം: ശബരിമലയിലെ പ്രതിഷേധം ആസൂത്രിതമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ഇതിലും കൂടുതൽ ഭക്തർ മുമ്പും ശബരിമലയിൽ വന്നിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിഷേധത്തിന് പിന്നിൽ യു.ഡി.എഫും സംഘ് പരിവാറും ആകാമെന്നും ദേവസ്വം മന്ത്രി ആരോപിച്ചു.
മണിക്കൂറുകൾ വരി നിന്നിട്ടും അന്നൊന്നും ആരും പ്രതിഷേധിക്കുന്നത് ആരും കണ്ടിട്ടില്ല. പ്രതിഷേധം ബോധപൂർവം സൃഷ്ടിക്കുന്നതാണ്. ശരണം വിളി മുദ്രാവാക്യമായി മാറിയെന്നും വിശ്വാസത്തെ വോട്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കെ. രാധാകൃഷ്ണൻ വ്യക്തമാക്കി.
ഹൈകോടതി നിർദേശിച്ച കാര്യങ്ങളെല്ലാം ശബരിമലയിൽ നടപ്പാക്കിയിട്ടുണ്ട്. മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. യാഥാർഥ്യം മനസിലാക്കാതെ വൈകാരിക വിഷയങ്ങൾ ഉയർത്തി ജനങ്ങളെ തങ്ങൾക്ക് അനുകൂലമാക്കാനുള്ള നീക്കമാണിത്. ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളെ തെരഞ്ഞെടുപ്പിൽ ചൂഷണം ചെയ്യാൻ ചിലർ ശ്രമിക്കുകയാണെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു.
അതേസമയം, ശബരിമലയിൽ ഭക്തരുടെ വൻ തിരക്കാണ് അനുഭവുപ്പെടുന്നത്. ശബരീപീഠം വരെയാണ് ഭക്തരുടെ നീണ്ടനിര. ഇന്നലെ മാത്രം ഒരു ലക്ഷം പേരാണ് ശബരിമലയിൽ ദർശനം നടത്തിയത്.
മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തുന്നതിനാൽ തീർഥാടകരെ പമ്പയിൽ നിയന്ത്രിക്കുകയാണ്.