ശബരിമല: ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനസമയം മൂന്ന് മണിക്കൂര്‍ കൂട്ടി. ഉച്ചയ്ക്ക് ഒരുമണിക്ക് നട അടയ്ക്കുന്നത് മൂന്ന് മണിയിലേക്ക് മാറ്റി. വൈകീട്ട് നാല് മണിക്ക് നട തുറക്കും. തിരക്ക് കണക്കിലെടുത്താണ് ഇന്ന് ദര്‍ശന സമയം കൂട്ടാനുള്ള തീരുമാനം.
തീര്‍ഥാടന കാലം തുടങ്ങിയതോടെ ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. നടപ്പന്തലിലും പുറത്തുമായി ആയിരകണക്കിന് ഭക്തജനങ്ങളാണ് ക്യൂവില്‍ കാത്തുനില്‍ക്കുന്നത്. മാസപൂജ സമയത്ത് ഇത്ര അധികം തിരക്കുണ്ടാവുന്നത് ആദ്യമായാണ്. പതിനെട്ടാംപടി കയറാന്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കുന്ന തീര്‍ഥാടകര്‍ക്ക് ചുക്കു വെള്ളം കൊടുക്കാന്‍ വലിയ നടപ്പന്തലില്‍ മാത്രമാണ് ദേവസ്വം ബോര്‍ഡ് ക്രമീകരണം ചെയ്തിട്ടുള്ളത്.
സന്നിധാനത്തിലെ ശബരി ഗസ്റ്റ് ഹൗസ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, പില്‍ഗ്രീം സെന്ററുകള്‍ എന്നിവയില്‍ തീര്‍ഥാടന അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സന്നിധാനത്ത് താമസ സൗകര്യവും കുറവാണ്.
അതേസമയം, ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ എത്തുമ്പോള്‍ അതിനുള്ള അടിസ്ഥാന സൗകര്യം സന്നിധാനത്ത് ഒരുക്കിയിട്ടില്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്. തിരക്കു നിയന്ത്രിക്കാന്‍ ആവശ്യത്തിന് പൊലീസില്ലെന്നാണ് പ്രധാന ആക്ഷേപങ്ങളില്‍ ഒന്ന്. 170 പൊലീസുകാരാണ് നിലവില്‍ ഡ്യൂട്ടിയില്‍ സന്നിധാനത്തുള്ളത്.