തിരുവനന്തപുരം: ചരിത്രത്തിലിടം പിടിച്ച് സാന്‍ ഫെര്‍ണാണ്ടോ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിംഗ് കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്ടോയാണ് വിഴിഞ്ഞത്തേക്ക് ചരക്കുമായി എത്തിയിരിക്കുന്നത്. നൂറ്റിപ്പത്തിലധികം രാജ്യങ്ങളില്‍ കാര്‍ഗോ സേവനങ്ങള്‍ നല്‍കുന്ന ഡാനിഷ് കമ്പനിയാണ് മെര്‍സ്‌ക്. ഡേവൂ ഷിപ്പ് ബില്‍ഡിംഗ് കമ്പനി 2014 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സാന്‍ ഫെര്‍ണാണ്ടോയ്ക്ക് 300 മീറ്റര്‍ നീളവും 48 മീറ്റര്‍ വീതിയുമുണ്ട്.
കൂറ്റന്‍ മദര്‍ഷിപ്പിന് നങ്കൂരം ഇടാന്‍ ആവശ്യമായത് 10 മീറ്റര്‍ ആഴമാണ് ആവശ്യമായി വരുന്നത്. 9000 കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുണ്ട് സാന്‍ ഫെര്‍ണാണ്ടോക്ക്. എന്നാല്‍ 2000 കണ്ടെയ്‌നറുകള്‍ മാത്രമാണ് വിഴിഞ്ഞത്തെത്തുന്നത്. അതില്‍ തുറമുഖത്തിറക്കുന്നത് 1960 കണ്ടെയ്‌നറുകള്‍. കഴിഞ്ഞ മാസം 22 നാണ് സാന്‍ ഫെര്‍ണാണ്ടോ ഹോങ്കോങ്ങ് വിട്ടത്.
ചൈനയിലെ ഷാങ്ങ്ഹായ്, സിയാമെന്‍ തുറമുഖങ്ങള്‍ കടന്ന് ജൂലൈ ഒന്നിന് ഷിയാമെന്നില്‍ നിന്നും ചരക്കുകളും കയറ്റിയാണ് സാന്‍ ഫെര്‍ണാണ്ടോയുടെ വരവ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കെത്തുന്ന ആദ്യ ചരക്കുകപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ ചരിത്രത്തിലിടം പിടിക്കും. സാന്‍ ഫെര്‍ണാണ്ടോയുടെ വരവോടെ പതിറ്റാണ്ടുകളായി കാത്തിരുന്ന സ്വപ്നത്തിന് സാക്ഷാത്കാരമാവുകയാണ്. തുറമുഖത്തിന്റെ 800 മീറ്റര്‍ ബെര്‍ത്തിന്റെ മധ്യഭാഗത്ത് നങ്കൂരമിടുന്ന സാന്‍ഫെര്‍ണാണ്ടോ ചരക്കുകളിറക്കിയതിന് ശേഷം അന്നേ ദിവസം കൊളംബോയിലേക്ക് മടങ്ങും.
കപ്പലില്‍ നിന്നിറക്കിയ കണ്ടെയ്‌നറുകള്‍ മദര്‍ ഷിപ്പ് മടങ്ങിയതിന് ശേഷം ചെറിയ ഫീഡര്‍ കപ്പലുകളില്‍ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടു പോകും. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി, എ പി എം ടെര്‍മിനലുകള്‍, ഹപാഗ്- ലോയ്ഡ്, എന്നിവയുള്‍പ്പടെയുള്ള ലോക ഭീമമന്‍മാരുടെ കപ്പലുകളാകും സാന്‍ഫെര്‍ണാണ്ടോയ്ക്ക് ശേഷം വിഴിഞ്ഞത്തേക്ക് എത്തുക.