അടിമാലി: കാറിൽ കടത്തിയ നൂറുകിലോ ചന്ദനവുമായി രണ്ടുപേരെ അടിമാലി പൊലീസ് പിടികൂടി.
മലപ്പുറം പാണക്കാട് രിയാങ്കൽ റിയാസ് മുഹമ്മദ് (24), തീയാൻ വീട്ടിൽ മുബഷിർ (29) എന്നിവരെയാണ് അടിമാലി ട്രാഫിക് എസ്.ഐ താജുദ്ദീന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ബുധനാഴ്ച മൂന്നാറിൽ എത്തിയ പ്രതികൾ മുറിയെടുത്ത് താമസിച്ചു.
വ്യാഴാഴ്ച മറയൂരിൽ നിന്നുവന്ന മൂന്നുപേർ ചന്ദനം മൂന്നാറിൽ എത്തിച്ചു നൽകിയെന്നാണ് മൊഴി. ഇതിനുശേഷം മലപ്പുറത്തേക്ക് പോകുമ്പോഴാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പിടികൂടിയത്. മൂന്നാറിനുസമീപം വാഹനം പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെപോയി.
തുടർന്ന്, അടിമാലി സ്റ്റേഷനിൽ വിവരം അറിയിച്ചു. അടിമാലി സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് ട്രാഫിക് പൊലീസ് വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു. നാല് ചാക്കിലായി കാറിന്റെ ഡിക്കിയിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത്. പ്രതികളെ മറയൂർ സാൻഡൽ ഡിവിഷനിലെ വനപാലകർക്ക് കൈമാറി.