മലപ്പുറം: ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ ഇന്ന് രാവിലെ പാണക്കാട് സന്ദര്‍ശിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും. യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവറലി തങ്ങളെയും കാണും. നേരത്തെ, കോണ്‍ഗ്രസിലെത്തിയ സന്ദീപിനെ സ്വാഗതം ചെയ്ത് മുനവറലി തങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സന്ദീപ് വാര്യരുടെ ഫോട്ടോക്കൊപ്പം ‘സ്വാഗതം ബ്രോ’ എന്നാണ് മുനവറലി കുറിച്ചത്.
ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന സന്ദീപ് വാര്യര്‍ ശനിയാഴ്ച അപ്രതീക്ഷിതമായാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരുടെ നേതൃത്വത്തില്‍ ശനിയാഴ്ച സന്ദീപിനെ ത്രിവര്‍ണ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. വെറുപ്പുമാത്രം ഉല്‍പാദിപ്പിക്കുന്നിടത്ത് സ്‌നേഹവും കരുതലും പ്രതീക്ഷിച്ചതാണ് തന്റെ തെറ്റെന്നും വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ചതിന്റെ ആഹ്‌ളാദത്തിലാണ് താനെന്നും സ്വീകരണവേദിയില്‍ സന്ദീപ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ആശയം ഇന്ത്യയുടെ ആശയമാണെന്നും അദ്ദേഹം വ്യക്തമാക്കി. വൈകിട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ്‌ഷോയിലും സന്ദീപ് പങ്കെടുത്തു.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന സന്ദീപ് സിപിഐയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് പാളയത്തിലെത്തിയത്. ശനിയാഴ്ച രാവിലെ കോണ്‍ഗ്രസ് നേതാക്കള്‍ സംയുക്തമായി നടത്തിയ വാര്‍ത്തസമ്മേളനത്തിലേക്ക് എത്തിയ സന്ദീപിനെ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്. താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ഉത്തരവാദി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണെന്ന് പറഞ്ഞ സന്ദീപ് ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.