24 December 2024

പാലക്കാട്: സന്ദീപ് വാര്യര്‍ നമ്പര്‍ വണ്‍ കോമ്രേഡ് ആകുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലന്‍. സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയര്‍ ആകുമെന്നും മുന്‍പ് പറഞ്ഞതൊന്നും പ്രശ്‌നമല്ലെന്നും എ കെ ബാലന്‍ വ്യക്തമാക്കി. കറകളഞ്ഞ കമ്യൂണിസ്റ്റുകാരെ കൊണ്ട് മാത്രം ഞങ്ങള്‍ക്ക് ഭരണം കിട്ടുമോ എന്ന് ചോദിച്ച എ കെ ബാലന്‍ ഓരോ കാലത്ത് ഓരോരുത്തരെ കിട്ടുമെന്നും ചൂണ്ടിക്കാണിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയുടെ അഭിമുഖ പരിപാടിയായ ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കുകയായിരുന്നു എ കെ ബാലന്‍.

അരിവാള്‍ ചുറ്റികയെയും സ്വതന്ത്ര ചിഹ്നത്തെയും തിരഞ്ഞെടുപ്പില്‍ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച എ കെ ബാലന്‍ കോണ്‍ഗ്രസുകാര്‍ സിപിഐഎം ഓഫീസില്‍ ക്യൂ നില്‍ക്കുകയാണെന്നും വ്യക്തമാക്കി. കോണ്‍ഗ്രസിലും ബിജെപിയിലും കുറച്ചു കൂടി പൊട്ടലുണ്ടാകുമെന്നും എ കെ ബാലന്‍ വെളിപ്പെടുത്തി. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഡോ സരിന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണ്. സീറ്റ് കിട്ടാത്തതല്ല സരിന്റെ പ്രശ്‌നമെന്നും എ കെ ബാലന്‍ പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ കോണ്‍?ഗ്രസ് നേതാക്കളുമായി സിപിഐഎം സഹകരിച്ചിരുന്നതും ക്ലോസ് എന്‍കൗണ്ടറില്‍ എ കെ ബാലന്‍ ചൂണ്ടിക്കാണിച്ചു. കെ കരുണാകരനെ കരിങ്കാലി എന്ന് വിളിച്ചവരാണ് ഞങ്ങള്‍. എന്നാല്‍ അദ്ദേഹം പോലും ഞങ്ങള്‍ക്ക് ഒപ്പം വന്നു. എ കെ ആന്റണി എകെജി സെന്ററില്‍ വന്ന് കൂടെയിരുന്ന് ഭരിച്ചു. കുഞ്ഞാലിയുടെ കൊലപാതകിക്ക് സിപിഐഎം വോട്ട് ചെയ്തിട്ടുണ്ട്. മുസ്ലീം ലീഗിനെ കൂടെ കൂട്ടിയിട്ടുണ്ട്. നരസിംഹ റാവു ഭരിച്ചത് ഞങ്ങളുടെ പിന്തുണയോടെയാണെന്നും എ കെ ബാലന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്നും എ കെ ബാലന്‍ വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമര്‍ശനമാണ് ക്ലോസ് എന്‍കൗണ്ടറില്‍ എ കെ ബാലന്‍ ഉന്നയിച്ചത്. പത്തനംതിട്ടയില്‍ കൈ കൊടുക്കല്‍ നിഷിദ്ധമാണോയെന്ന് പത്തനംതിട്ട ഡിസിസി പ്രസിഡണ്ട് മറുപടി പറയണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമാണോ ജയിച്ചാല്‍ കൊണ്ടു വരികയെന്നും കരുണാകരന്റെ ശവകുടീരത്തില്‍ രാഹുല്‍ പോകാത്തത് മനസിലുള്ള ആത്മാര്‍ത്ഥത കൊണ്ടാണോയെന്നും എകെ ബാലന്‍ ചോദിച്ചു.

പി സരിന്‍ ജയിക്കുമെന്ന് വ്യക്തമാക്കിയ എ കെ ബാലന്‍ ഭൂരിപക്ഷം ഇപ്പോ പറയുന്നില്ലെന്നും ചൂണ്ടിക്കാണിച്ചു. പാലക്കാട് ബിജെപി മൂന്നാമതാകും. തെരഞ്ഞെടുപ്പ് നീട്ടിയത് സഹായിക്കുമെന്നും എ കെ ബാലന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കൊടകര കേസുമായി ബന്ധപ്പെട്ട് ഇഡി തുടരന്വേഷണം നടത്തിയിട്ടില്ലെന്നും എ കെ ബാലന്‍ കുറ്റപ്പെടുത്തി. കൊടകര കേസ് ഇ ഡി അന്വേഷിക്കണമെന്ന് ഞങ്ങള്‍ പറഞ്ഞു. ഇഡിയും അഫിഡവിറ്റ് കൊടുത്തു. എന്നിട്ടും ഇഡി അന്വേഷിച്ചില്ലെന്നായിരുന്നു എ കെ ബാലന്റെ കുറ്റപ്പെടുത്തല്‍. മുഖ്യമന്ത്രി നിയമസഭക്കകത്തും പുറത്തും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച എ കെ ബാലന്‍. കൊടകര കേസില്‍ ഏത് അന്വേഷണം വേണമെന്ന് സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നും എ കെ ബാലന്‍ ചൂണ്ടിക്കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!