തിരുവനന്തപുരം: കന്യാകുമാരി റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിയെത്തിയ ദൃശ്യങ്ങള്‍ ആര്‍പിഎഫിന് ലഭിച്ചു. കഴക്കൂട്ടത്ത് നിന്ന് എത്തിയ പൊലീസ് സംഘം ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. നാഗര്‍കോവിലില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ രണ്ടാമത്തെ പ്ലാറ്റഫോമില്‍ പെണ്‍കുട്ടിയിറങ്ങിയതായി പൊലീസ് സ്ഥരീകരിച്ചു. പ്ലാറ്റ്‌ഫോമിലിറങ്ങിയ പെണ്‍കുട്ടി കുപ്പിയില്‍ വെള്ളമെടുത്ത് തിരികെ കയറി. നാഗര്‍കോവില്‍ സ്റ്റേഷനില്‍ 3.53 നാണ് ഇറങ്ങിയത്.
തിരുവനന്തപുരത്തുനിന്ന് കാണാതായ തസ്മീത്ത് എന്ന പെണ്‍കുട്ടിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആര്‍പിഎഫ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് നിര്‍ണ്ണായക വിവരം ലഭിച്ചത്. നേരത്തെ കന്യാകുമാരി റെയില്‍വേ സ്റ്റേഷന്‍ അകത്തെ ദൃശ്യങ്ങളുടെ പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടിയെ സംബന്ധിച്ച നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്.
ഇതോടെ കന്യാകുമാരിയിലെ അന്വേഷണം തുടരാനാണ് പൊലീസിന്റെ തീരുമാനം. ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ബാംഗ്ലൂര്‍ – കന്യാകുമാരി ട്രെയിനില്‍ കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ പൊലീസിന് ലഭിച്ചത് അന്വേഷണത്തിന് നിര്‍ണായകമായിരുന്നു. കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാര്‍ത്ഥിനി നെയ്യാറ്റിന്‍കരയില്‍ വെച്ച് പകര്‍ത്തിയ ചിത്രമാണ് പൊലീസിന് ലഭിച്ചത്. ട്രെയിനില്‍ നിന്ന് തസ്മിദ് എവിടെ ഇറങ്ങി എന്നോ എങ്ങോട്ട് പോയെന്നോ സൂചന ലഭിച്ചിരുന്നില്ല.
അസം സ്വദേശിയും നിലവില്‍ കഴക്കൂട്ടത്ത് താമസിക്കുകയും ചെയ്യുന്ന അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീത്ത് തംസത്തെയാണ് കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്ന് കാണാനില്ലാത്തത്. അയല്‍വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയ കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്.