മാനന്തവാടി: നവകേരള സദസിന്റെ ഭാഗമായി മാനന്തവാടി മണ്ഡലത്തിൽ പൊളിച്ച സ്കൂൾ മതിൽ പുനർനിർമ്മിക്കാത്തതിൽ വിമർശനം. മാനന്തവാടി ഗവൺമെന്റ് വൊക്കേഷണൽ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ മതിലാണ് മന്ത്രിമാർ സഞ്ചരിച്ച ബസ് ഇറക്കാൻ തകർത്തത്. മാനന്തവാടിയിലെ മതിൽ പൊളിക്കൽ സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മതിൽ ഉടൻ പുനര്‍നിർമ്മിക്കുമെന്ന് സ്ഥലം എംഎൽഎ വ്യക്തമാക്കി.
ഈ മാസം 23നായിരുന്നു വയനാട്ടിലെ ജന സദസ്സ്. അന്ന് വൈകീട്ടാണ് മാനന്തവാടി മണ്ഡലത്തിൽ പരിപാടി നടന്നത്. പരിപാടി നടന്ന മാനന്തവാടി സ്കൂളിൽ പത്തു മീറ്റർ നീളത്തിലാണ് മതിൽ തകർത്തത്. ഇതുവഴിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് , മൈതാനത്തേക്ക് എത്തിയത്. സ്കൂളിന്റെ തൊട്ടപ്പുറത്ത് പുഴയാണ്. കുട്ടികളുടെ സുരക്ഷയെ മതിലില്ലാത്ത സ്ഥിതി ബാധിക്കുമെന്നാണ് വിമർശനം.
പിടിഎ ഭാരവാഹികളോട് ആലോചിച്ചാണ് നവകേരള സദസ് സംഘടാക സമിതി മതിൽ പൊളിച്ചത്. മതിൽ പുനര്‍നിര്‍മ്മിക്കുന്നതിൽ പുനർ നിർമ്മിക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്നും എംഎൽഎ ഒആര്‍ കേളു വ്യക്തമാക്കി. മാനന്തവാടി സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ ബസ് താണുപോയിരുന്നു. പിന്നീട് പൊലീസുകാരും നാട്ടുകാരും ചേർന്നാണ് ഉറപ്പുള്ള പ്രതലത്തിലേക്ക് ബസ് തള്ളി മാറ്റിയത്.
നവകേരളാ സദസ്സ് മലപ്പുറം ജില്ലയില്‍ പര്യടനം തുടരുകയാണ്. ഇന്ന് രാവിലെ ഒമ്പത് മണിക്ക് മലപ്പുറത്തെ സ്വകാര്യ ഹോട്ടലില്‍ മുഖ്യമന്ത്രി പൗരപ്രമുഖര്‍ക്കൊപ്പം പ്രഭാത യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് പത്തരക്കാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. കൊണ്ടോട്ടി മണ്ഡലം നവകേരളാ സദസ്സ് രാവിലെ പതിനൊന്ന് മണിക്ക് മേലങ്ങാടിയില്‍ നടക്കും. ഉച്ചയ്ക്ക് ശേഷം മഞ്ചേരി ,മങ്കട മലപ്പുറം മണ്ഡലങ്ങളിലും സദസ്സ് നടക്കും.