25 December 2024

പാലക്കാട്: സംസ്ഥാനത്ത് ഹയർസെക്കൻഡറി സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രാഥമിക ജലഗുണനിലവാര പരിശോധനാലാബുകളിൽ കണ്ടെത്തിയതിൽ ഏറെയും കോളിഫോം ബാക്ടീരിയയുടെയും ലവണാംശത്തിന്റെയും സാന്നിധ്യം. ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ 9266 ജലസാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

പ്രളയശേഷം 2019-ലാണ് സംസ്ഥാനത്ത് ഹയർസെക്കൻഡറി സ്കൂളുകളിലായി 236 ലാബുകൾ തുടങ്ങിയത്. സ്കൂൾപരിസരത്ത് താമസിക്കുന്നവർക്ക് വീട്ടിലെ കിണറടക്കമുള്ള ജലസ്രോതസ്സുകളിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ചറിയാനാണ് ലാബ് സൗകര്യമൊരുക്കിയത്. നാലുവർഷത്തിനിടെ കേരളത്തിൽ 19,415 ജലസാമ്പിളുകൾ പരിശോധിച്ചതായി നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ടി.എൻ. സീമ പറഞ്ഞു. തൃശ്ശൂർ ജില്ലയിലാണ് ഏറ്റവുമധികം സാമ്പിളുകൾ (12,815) പരിശോധിച്ചത്. കുറവ് പത്തനംതിട്ടയിൽ-ആറെണ്ണം.

കിണറുകളോടു ചേർന്നുള്ള സെപ്റ്റിക് ടാങ്കുകളിൽനിന്നും മറ്റും മാലിന്യം വെള്ളത്തിൽ കലരുന്നതാണ് കോളിഫോം ബാക്ടീരിയയുടെ അളവ് കൂടാൻ കാരണം. മാനദണ്ഡപ്രകാരം കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് പൂജ്യമായിരിക്കണം. എന്നാൽ, 20 ശതമാനത്തോളം സാമ്പിളുകളിൽ ബാക്ടീരിയ സാന്നിധ്യമുണ്ട്.

തീരപ്രദേശങ്ങളും കീടനാശിനി പ്രയോഗിക്കുന്ന ഗ്രാമീണ കാർഷികമേഖലകളിലുമെല്ലാം 35 ശതമാനത്തിലധികം സാന്പിളുകളിൽ ലവണാംശവും കണ്ടെത്തി. ഭൂജലനിരപ്പ് കുറഞ്ഞ പാലക്കാട് ജില്ലയുൾപ്പെടെയുള്ളിടത്തുനിന്നുള്ള നൂറിലേറെ സാമ്പിളുകളിൽ ഫ്ലൂറൈഡ്, അയൺ എന്നിവയുടെ സാന്നിധ്യവുമുണ്ട്.

ഓരോ ജില്ലയിലും ഹരിതകേരള മിഷനാണ് എം.എൽ.എ.മാരുടെ ഫണ്ട് ഉപയോഗിച്ച് ലാബുകൾ സ്ഥാപിച്ചത്. കേരള ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ച സോഫ്റ്റ്‌വേർ ഉപയോഗിച്ച്, പരിശീലനം ലഭിച്ച വിദ്യാർഥികളുടെ സഹായത്തോടെയാണ് ഗുണനിലവാരം പരിശോധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!