തിരുവനന്തപുരം: തലസ്ഥാനത്തെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി ടണലില്‍ ഇറങ്ങിയുള്ള തിരച്ചില്‍ രാവിലെ തുടങ്ങി. ജില്ലാ കളക്ടറും മേയറും എന്‍ഡിആര്‍എഫ് സംഘവും നടത്തിയ ചര്‍ച്ചയക്ക് ശേഷമാണ് സുരക്ഷ കൂടെ പരിഗണിച്ച് തിരച്ചില്‍ രാവിലെത്തേക്ക് മാറ്റിയത്.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ മാന്‍ഹോള്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണ്. റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്നുള്ളത് കൊണ്ടാണിത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ട്രെയിന്‍ സര്‍വീസുകള്‍ നിരവധിയെണ്ണം എത്തുന്നതിനാല്‍ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ അടക്കം ഒരു പ്രവര്‍ത്തനവും പാടില്ലെന്നാണ് റെയില്‍വേ അറിയിച്ചത്.
എന്‍ഡിആര്‍എഫ് ടീം, സ്‌കൂബ ടീം, ജെന്‍ റോബോട്ടിക്‌സ് ടീമിന്റെ റോബോട്ടുകള്‍ എന്നിവര്‍ ചേര്‍ന്നാണ് രാവിലെ ജോയിക്കായി തിരച്ചില്‍ നടത്തുക. മൂന്നാം പ്ലാറ്റ്‌ഫോമിലെ മാന്‍ഹോള്‍ വഴി തിരച്ചില്‍ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഒന്നാം പ്ലാറ്റ്‌ഫോമം വഴി ടണലിലേക്ക് ഇറങ്ങി തിരച്ചില്‍ നടത്തുമെന്ന് കളക്ടര്‍ പറഞ്ഞു.
അര്‍ധരാത്രി 12ന് ശേഷമാണ് എന്‍ഡിആര്‍എഫ് ടീം എത്തിയത്. മറ്റൊരു റോബോട്ടിനെ കൂടെ ജെന്‍ റോബോട്ടിക്‌സ് ടീം എത്തിക്കുകയും ചെയ്തു. ക്യാമറ ഘടിപ്പിച്ച് അഴുക്കുചാലിലെ ദൃശ്യങ്ങള്‍ അടക്കം ലഭ്യമാക്കുന്ന ഡ്രാക്കോ റോബോട്ടിനെയാണ് എത്തിച്ചിട്ടുള്ളത്. റിഫൈനറി ടാങ്കുകള്‍ വൃത്തിയാക്കുന്നതിനായി നിര്‍മ്മിച്ചിട്ടുള്ളതാണ് ഡ്രാക്കോ. തമ്പാനൂരിലെ രക്ഷാപ്രവര്‍ത്തനത്തിനായി ഇതിന് പ്രത്യേകം മാറ്റം വരുത്തിയാണ് ഇപ്പോള്‍ പരീക്ഷിച്ച് നോക്കുന്നത്.
ഇന്നലെ രാവിലെ 11. 30നാണ് അപകടമുണ്ടായത്. മാലിന്യക്കൂമ്പാരമാണ് രക്ഷാപ്രവര്‍ത്തനം ദുസ്സഹമാക്കിയത് മേയറും കളക്ടറുമടക്കം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി സ്ഥലത്ത് രാത്രി വൈകിയും . ട്രാക്കിനിടയിലെ മാന്‍ഹോളുകളിലും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് സംഘം. കോര്‍പ്പറേഷന്റെ താല്‍ക്കാലിക ജീവനക്കാരനാണ് മാരായിമുട്ടം സ്വദേശിയായ 42കാരനായ ജോയ്. തോട് വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴാണ് കാണാതായത്.