തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 25 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് സാധ്യതയുള്ളതിനാല്‍ ഒഡിഷ -പശ്ചിമ ബംഗാള്‍ തീരത്ത് ജാഗ്രത വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായും ഒരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തമിഴ്നാടിനു മുകളില്‍ മറ്റൊരു ചക്രവാത ചുഴിയും സ്ഥിതിചെയ്യുന്നു. അതിനാല്‍ കേരളത്തില്‍ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. ഒക്ടോബര്‍ 23 നും ചില പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് ഇന്ന് രാവിലെയോടെ തീവ്ര ന്യൂന മര്‍ദ്ദമായും 23 ന് ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് ഒക്ടോബര്‍ 24 ന് ഒഡിഷ -പശ്ചിമ ബംഗാള്‍ തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യത. മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ ന്യൂന മര്‍ദ്ദം സ്ഥിതിചെയ്യുന്നുണെടങ്കിലും അടുത്ത ദിവസങ്ങളില്‍ ഇന്ത്യന്‍ തീരത്തു നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.