തേഞ്ഞിപ്പാലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ തടഞ്ഞ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ എസ്.എഫ്.ഐ പ്രതിഷേധം. സംഘപരിവാർ നോമിനികളെയാണ് ഗവർണർ സെനറ്റിലേക്ക് നാമനിർദേശം ചെയ്തതെന്ന് ആരോപിച്ചാണ് ഒമ്പത് അംഗങ്ങളെ എസ്.എഫ്.ഐ തടഞ്ഞത്. മറ്റുള്ളവരെ സെനറ്റ് യോഗം നടക്കുന്ന ഹാളിലേക്ക് കടത്തിവിട്ടിട്ടുണ്ട്.
സംഘപരിവാർ നോമിനികളെ സെനറ്റ് യോഗം നടക്കുന്ന ഹാളിലേക്ക് ഒരിക്കലും കടത്തിവിടില്ലെന്നാണ് തീരുമാനമെന്നും അത് നടപ്പാക്കുമെന്നും എസ്.എഫ്.ഐ അറിയിച്ചു. ഗവർണർ നോമിനേറ്റ് ചെയ്ത 18 അംഗങ്ങളുടെ ആദ്യ സെനറ്റ് യോഗമാണ് ഇന്ന് നടക്കുന്നത്. ഈ 18 പേരിൽ ഒമ്പത് പേർ സംഘപരിവാർ അനുകൂലികളാണെന്നാണ് എസ്.എഫ്.ഐ ആരോപണം.
എ.ആര് പ്രവീണ്‍കുമാര്‍, സി. മനോജ് (സ്കൂള്‍ പ്രധാനാധ്യാപകര്‍), എ.വി. ഹരീഷ്, വി.സി. ലിന്റോ (സ്കൂള്‍ അധ്യാപകര്‍), ഡോ. പി. രവീന്ദ്രന് (ഗവേഷക സ്ഥാപന പ്രതിനിധി), കപില വേണു (സാംസ്കാരിക പ്രവര്‍ത്തക), ടി.പി.എം. ഹാഷിര്‍ അലി (ചേംബര്‍ ഓഫ് കോമേഴ്സ്), ടി.ജെ. മാര്ട്ടിന് (വ്യവസായം), എ.കെ. അനുരാജ് (മാധ്യമപ്രവര്ത്തകന്), ബാലന് പൂതേരി (എഴുത്തുകാരന്), അഡ്വ. എന്‍. കരീം (അഭിഭാഷകന്), അഫ്സല് സഫീര്‍, എം.എം. സിയാന (കായികം), ഡോ. എസ്. ഫാത്തിമ, കെ. മമത (ഭാഷാന്യൂനപക്ഷം), സ്നേഹ സി. നായര്‍, പി.എം. അശ്വിന് രാജ് (വിദ്യാർഥികള്‍), കെ.കെ. അനുഷ (ഫൈന്‍ ആര്‍ട്സ്) എന്നിവരാണ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത സെനറ്റ് അംഗങ്ങൾ.ഇവരില്‍ ഒമ്പതുപേര്‍ ഒഴികെയുള്ളവര്‍ സി.പി.എം, കോണ്‍ഗ്രസ്, ക്രിസ്ത്യന്‍ സംഘടന പ്രതിനിധികളാണ്. സെനറ്റില്‍ ഇടപെടാന്‍ ബി.ജെ.പി-സംഘ്പരിവാര്‍ ആശയധാരയിലുള്ളവര്ക്ക് അവസരം ലഭിക്കുന്നത് ചരിത്രത്തിലാദ്യമായാണ്.
ഡിഗ്രി വിദ്യാർത്ഥികളുടെ അവാർഡ് ദാനവും, എം.ബി.എ, എൽ.എൽ.എം കോഴ്‌സുകളിൽ വരുത്തേണ്ട ഭേദഗതികളും ഇന്ന് നടക്കുന്ന സെനറ്റ് യോഗം ചർച്ച ചെയ്യും. സർവകലാശാലയിലെ പ്രതിഷേധ ബാനറുകൾ നീക്കം ചെയ്യാത്തതിന് എതിരെ വൈസ് ചാൻസിലർ ഡോ. എം കെ ജയരാജിനെ ചാൻസിലർ പരസ്യമായി ശാസിച്ചത് യോഗത്തിൽ ചർച്ചയാകും. ചാൻസിലർ ആരിഫ് മുഹമ്മദ് ഖാനെതിരെ സെനറ്റ് യോഗത്തിൽ ഇടത് അംഗങ്ങൾ പ്രമേയം അവതരിപ്പിക്കാൻ സാധ്യത ഉണ്ട്.