26 December 2024

രാജ്യത്തെ നടുക്കിയ പശ്ചിമ ബംഗാളിലെ പിജി ഡോക്ടറുടെ കൊലപാതകം പുതിയ വഴിത്തിരിവിലേക്ക്. പിജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നതായ ആരോപണം ബംഗാള്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ചിരിക്കുകയാണ്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സെമിനാര്‍ ഹാളിനു സമീപം ദിവസങ്ങള്‍ക്കുള്ളില്‍ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ചൂണ്ടിക്കാട്ടി എസ്എഫ്ഐയും ഡിവൈഎഫ്ഐയും രംഗത്തുവന്നത് മമത ഭരണകൂടത്തെ ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍, ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിലെത്തിയാണ് പ്രതിഷേധിച്ചത്. തെളിവ് നശിപ്പിക്കാനും യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുമാണ് ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതെന്നാണ് ഇരു സംഘടനകളും ആരോപിക്കുന്നത്. പെണ്‍കുട്ടിയെ ഒന്നിലധികം പേര്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്നാണ് ഇടത് അനുകൂല ഡോക്ടര്‍മാരുടെ സംഘടനയും വെളിപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗകുറ്റം ഒരാളില്‍ മാത്രം ചാര്‍ത്തി നല്‍കി മറ്റു പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായ വിവരം പുറത്തുവന്നത് വലിയ പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്.

‘ഇത് ഒരാളുടെ മാത്രം ചെയ്തിയല്ലെന്നത് വ്യക്തമാണ്. അവള്‍ കൂട്ടബലാത്സംഗത്തിന് വിധേയയായിട്ടുണ്ട്’ ഡോക്ടര്‍ സുബര്‍ണ ഗോസ്വാമിയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് ഇങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുടുംബത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാണിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് ഡോക്ടര്‍ സുബര്‍ണ ഗോസ്വാമി. സംഭവത്തില്‍ 31 കാരനായ സഞ്ജയ് റോയിയെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, ഇയാളല്ല യഥാര്‍ത്ഥ പ്രതിയെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഈ കേസില്‍ സി.ബി.ഐ അന്വേഷണം തുടങ്ങുന്നതിനു മുന്‍പ് തന്നെ തിരക്കിട്ട് ചെസ്റ്റ് മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ, ശക്തമായ പ്രതിഷേധമാണ് എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഉയര്‍ത്തിയിരിക്കുന്നത്.

ഇവിടെ റസിഡന്റ് ഡോക്ടേഴ്സ് ഏരിയയും സ്ത്രീകള്‍ക്കായുള്ള ടോയ്ലെറ്റും പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പൊളിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം തുടങ്ങുന്നതിന് മുമ്പ് തെളിവ് നശിപ്പിക്കാന്‍ മമതാ ബാനര്‍ജി സര്‍ക്കാരും മെഡിക്കല്‍ കോളേജ് അധികൃതരും ചേര്‍ന്ന് നടത്തുന്ന നീക്കമാണിതെന്നാണ് പ്രതിഷേധക്കാര്‍ തുറന്നടിച്ചിരിക്കുന്നത്. അതേസമയം, ഇതേ വിഷയം ചൂണ്ടിക്കാട്ടി ബി.ജെ.പിയും ഇപ്പോള്‍ രംഗത്ത് എത്തിയിട്ടുണ്ട്.
‘ഹീനമായ ഈ കുറ്റകൃത്യം ചെയ്തിരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുടെ കുടുംബാംഗങ്ങളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു’എന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ എക്സില്‍ കുറിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഗൗരവമായി റിപ്പോര്‍ട്ട് ചെയ്ത ഈ കൊലപാതക കേസ് സിബിഐക്ക് വിടാന്‍ കല്‍ക്കട്ട ഹൈക്കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും എത്രയും പെട്ടെന്ന് സിബിഐക്ക് കൈമാറാനും കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.ആഗസ്റ്റ് ഒമ്പത് വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു പി ജി വിദ്യാര്‍ത്ഥിനിയായ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊലപ്പെട്ടത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയിരുന്നത്. ശരീരമാസകലം മാരകമായി മുറിവേറ്റിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെ ബംഗാള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇളകി മറിയുകയാണ് ഉണ്ടായത്. സംഭവത്തില്‍ രാജ്യവ്യാപകമായി ഡോക്ടര്‍മാരും കടുത്ത പ്രതിഷേധത്തിലാണ്.

വനിതാ ഡോക്ടറെ മൃഗീയമായി കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കും വരെ ശക്തമായ ഇടപെടല്‍ നടത്തുമെന്നാണ് പ്രതിപക്ഷ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും മമത സര്‍ക്കാറിനെതിരെ രൂക്ഷമായ കടന്നാക്രമണമാണ് നടക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സാണ് വന്‍ മുന്നേറ്റം നടത്തിയതെങ്കില്‍ പ്രക്ഷോഭ രംഗത്ത് എസ്.എഫ്.ഐയും, ഡി.വൈ.എഫ്.ഐയുമാണ് ഇപ്പോള്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നത്. മമത സര്‍ക്കാരിന് എതിരെ ലഭിക്കുന്ന ഒരു ആയുധവും അവര്‍ പാഴാക്കുന്നില്ല. ഏറ്റവും ഒടുവില്‍ വനിതാ ഡോക്ടറുടെ കൊലപാതകത്തിലും അത് വ്യക്തമാണ്. ഇത്തരം സംഭവങ്ങളില്‍ ഭരണകൂടത്തിന്റെ ഇടപെടലുകളെയാണ് ഇടതുക്ഷ സംഘടനകള്‍ പൊളിച്ചടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!