27 December 2024

മുംബൈ: 57 വര്‍ഷം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി എന്‍സിപി (എസ്പി) നേതാവ് ശരദ് പവാര്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ താന്‍ മത്സരിക്കാനില്ലെന്നും പുതുതലമുറയ്ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി മുന്നോട്ട് പോകുമെന്നും ചൊവ്വാഴ്ച ബരാമതിയില്‍ വെച്ച് നടന്ന പൊതുപരിപാടിയില്‍ ശരദ് പവാര്‍ പറഞ്ഞു.

‘ഞാന്‍ 14 തവണ തവണ മത്സരിച്ചു. ഒരിക്കല്‍ പോലും നിങ്ങളെന്നെ തിരികെ വീട്ടിലേക്ക് അയച്ചിട്ടില്ല. ഓരോ പ്രാവശ്യവും നിങ്ങളെന്നെ തിരഞ്ഞെടുത്തു. പക്ഷെ, ഇപ്പോള്‍ എനിക്കെവിടെയെങ്കിലും ഇത് അവസാനിപ്പിക്കണം. എന്നാല്‍ അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും എന്നല്ല. എനിക്ക് അഅധികാരം വേണ്ട. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും’ – അദ്ദേഹം പറഞ്ഞു.

‘ഞാന്‍ അധികാരത്തില്‍ ഇല്ല. എന്നാല്‍ രാജ്യസഭയില്‍ ഉണ്ടാകും. ഒന്നരവര്‍ഷത്തോളം കാലാവധി ഇനിയും ബാക്കിയുണ്ട്. അതിനു ശേഷം രാജ്യസഭയിലേക്ക് പോകണോ വേണ്ടയോ എന്ന കാര്യം ആലോചിക്കും. ലോക്‌സഭയിലേക്ക് ഇനി മത്സരിക്കില്ല. വരാനിരിക്കുന്ന ഒരു തിരഞ്ഞെടുപ്പിലും താന്‍ മത്സരിക്കില്ല’ – ബരാമതിയില്‍ യുഗേന്ദ്ര പവാറിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു ശരദ് പവാര്‍.

‘ഒന്നോ രണ്ടോ തവണയല്ല, നാല് തവണയാണ് മുഖ്യമന്ത്രിയാക്കിയത്. 1967ല്‍ എന്നെ നിങ്ങള്‍ തിരഞ്ഞെടുത്തു. 25 വര്‍ഷക്കാലം ഞാന്‍ ഇവിടെ പ്രവര്‍ത്തിച്ചു. ഇനി ഭാവി നോക്കാനുള്ള സമയമാണ്. അടുത്ത 30 വര്‍ഷത്തേക്കാവശ്യമായ നേതാക്കളെ വളര്‍ത്തിക്കൊണ്ട് വരാനുണ്ട്’- 83കാരനായ പവാര്‍ പറഞ്ഞു.

നാല് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി പവാര്‍ സേവനമനുഷ്ടിച്ചത്. യുപിഎ സര്‍ക്കാര്‍ കാലത്ത് പ്രതിരോധം, കൃഷി തുടങ്ങിയ വകുപ്പുകളും കേന്ദ്രത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

1999ലാണ് പവാര്‍ എന്‍സിപി രൂപീകരിക്കുന്നത്. 2023ല്‍ എന്‍സിപി പിളര്‍ന്ന് അജിത് പവാറിന്റെ നേതൃത്വത്തില്‍ പുതിയൊരു എന്‍സിപി രൂപീകരിച്ചിരുന്നു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി ഇന്ത്യ സഖ്യത്തിനൊപ്പം ചേര്‍ന്ന് മഹാരാഷ്ട്രാ തിരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്. മറുപക്ഷത്ത് അജിത് പവാര്‍ എന്‍ഡിഎ പക്ഷത്താണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!