ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പോരാട്ടം തുടരുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും യു.എസ്. വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ്. സ്വാതന്ത്ര്യത്തിനും നീതിക്കും ജനങ്ങളുടെ അന്തസ്സിനുംവേണ്ടിയുള്ള പോരാട്ടത്തില്‍ താന്‍ ഉറച്ചുനില്‍ക്കുമെന്ന് കമലാ ഹാരിസ്. തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം അംഗീകരിച്ച് ജനങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കുന്നതിനിടെയാണ് കമലാ ഹാരിസ് നിലപാട് വ്യക്തമാക്കിയത്.
ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു കമല ഹാരിസ് പ്രസംഗം ആരംഭിച്ചത്. ഇന്ന് എന്റെ ഹൃദയംനിറഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി. ഈ തിരഞ്ഞെടുപ്പിന്റെ ഫലം ഒരിക്കലും നമ്മള്‍ ആഗ്രഹിച്ചതല്ല. നമ്മള്‍ പോരാടിയതും വോട്ട് ചെയ്തതും ഇതിനല്ലെന്നും കമലാ ഹാരിസ് പറഞ്ഞു. 107 ദിവസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒപ്പംനിന്ന അനുയായികള്‍ക്ക് കമലാ ഹാരിസ് നന്ദി അറിയിച്ചു. അതോടൊപ്പം തന്റെ കുടുംബത്തിനും പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കമല നന്ദി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുകയെന്നതാണ് അമേരിക്കന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളിലൊന്ന്. ഇപ്പോള്‍ നിങ്ങളെല്ലാവരും പലതരത്തിലുള്ള വികാരങ്ങളിലൂടെ കടന്നുപോവുകയാണെന്ന് എനിക്കറിയാം. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം നമ്മള്‍ അംഗീകരിക്കണം. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പ്രചാരണവിഷയങ്ങളിലൂന്നിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. അമേരിക്കക്കാര്‍ക്ക് അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും കൈവരിക്കാനാകുന്ന ഭാവിയ്ക്ക് വേണ്ടിയുള്ള പോരാട്ടം ഉപേക്ഷിക്കില്ല- കമല പറഞ്ഞു.