ഷിരൂര്‍: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ഡ്രഡ്ജര്‍ എത്തിക്കാന്‍ ഒരു കോടി രൂപ കമ്പനി ആവശ്യപ്പെട്ടതിന് പിന്നാലെ് ദൗത്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമേ ഡ്രഡ്ജര്‍ എത്തിക്കാന്‍ സാധിക്കുകയുള്ളു. ജില്ലാ ഭരണകൂടം സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് എംപി എംകെ രാഘവനും എകെഎം അഷറഫ് എംഎല്‍എയും കര്‍ണാടക സര്‍ക്കാറിനെ സമീപിച്ചു.
അതേസമയം ഇന്ന് തിരച്ചിലിനിറങ്ങിയ ഈശ്വര്‍ മാല്‍പെയെ കര്‍ണാടക പൊലീസ് തടഞ്ഞിരുന്നു. അനുമതി ഇല്ലാതെ തിരച്ചില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പൊലീസ് മാല്‍പെയെ തടഞ്ഞത്. എന്നാല്‍ കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് തിരച്ചിലിന് ഇറങ്ങിയതെന്ന് മാല്‍പെ പ്രതികരിച്ചു.
നദിയിലെ സീറോ വിസിബിലിറ്റിയും പ്രതികൂല കാലാവസ്ഥയുമാണ് ദൗത്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. വിസിബിലിറ്റി കുറവായതിനാല്‍ ഡൈവര്‍മാര്‍ക്ക് പുഴയിലിറങ്ങാന്‍ തടസമുണ്ട്. വെള്ളത്തിലെ കലക്ക് കുറഞ്ഞാല്‍ ഡൈവിംഗ് നടത്തുമെന്നാണ് ഈശ്വര്‍ മാല്‍പേ വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ നാവികസേനയുടെ സംഘം തിരച്ചില്‍ നടത്തുന്നതിലും അനിശ്ചിതത്വം നേരിട്ടു.
അര്‍ജുനെ കാണാതായിട്ട് ഒരുമാസം കഴിഞ്ഞു. ഇന്നലെ നടത്തിയ തിരച്ചിലില്‍ പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറിയുടെ കയറും ലോഹഭാഗങ്ങളും കണ്ടെത്തിയിരുന്നു. കയര്‍ അര്‍ജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയുടെ സംഘാംഗങ്ങളും എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫുമാണ് ഇന്നലെ നടന്ന തിരച്ചിലില്‍ പങ്കാളികളായത്.