പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി. കോളേജ് ക്യാമ്പസിനകത്ത് നിരവധി കുട്ടികളുടെ മുന്നിലാണ് ക്രൂരമായ സംഭവമുണ്ടായത്. അതാണ് മരണത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.
മനുഷ്യത്വരഹതിമായ പീഡനത്തിനാണ് സിദ്ധാര്‍ത്ഥന്‍ ഇരയായത്. ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥരും നടപടി നേരിടണമെന്നും കോടതി വ്യക്തമാക്കി. ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തത് ചോദ്യം ചെയ്ത് മുന്‍ വിസി എം ആര്‍ ശശീന്ദ്രനാഥിന്റെ ഹര്‍ജി തള്ളി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. വൈസ് ചാന്‍സലര്‍ക്കെതിരെ നടപടിയെടുക്കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ ആണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്.