25 December 2024

ഈ വർഷം ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് സിംഗപ്പൂരും സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചും. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇക്കണോമിസ്റ്റ് ഇന്‍റലിജന്‍സ് യൂണിറ്റിന്‍റെ (EIU) വേൾഡ് വൈഡ് കോസ്റ്റ് ഓഫ് ലിവിംഗ് 2023 റിപ്പോർട്ട് പ്രകാരം ജനീവ, ന്യൂയോർക്ക്, ഹോങ്കോങ് എന്നീ നഗരങ്ങളാണ് തൊട്ടുപിന്നിലായുള്ളത്. അതേസമയം, ആഗോള ജീവിതച്ചെലവ് പ്രതിസന്ധി ഇതുവരെ അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പും ഇ.ഐ.യു നൽകി.

അവരുടെ റിപ്പോർട്ട് പ്രകാരം മദ്യം, പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയുടെ വിലകളുടെ കാര്യത്തില്‍ സിംഗപ്പൂര്‍ ന്യൂയോർക്കിനേക്കാള്‍ ഏറെ മുന്നിലാണ്. പല വിഭാഗങ്ങളിലായുള്ള ഉയർന്ന വിലനിലവാരം കാരണം 11 വർഷത്തിനിടെ ഇത് ഒമ്പതാം തവണയാണ് സിംഗപ്പൂർ പട്ടികയിൽ ഒന്നാമതെത്തിയത്. സൂറിച്ച് കഴിഞ്ഞ വർഷം ആറാം സ്ഥാനത്തായിരുന്നു. കാർ നമ്പറുകളുമായി ബന്ധപ്പെട്ട് കർശനമായ സർക്കാർ നിയന്ത്രണങ്ങൾ ഉള്ളതിനാൽ, ലോകത്തിലെ ഏറ്റവും ഉയർന്ന ട്രാൻസ്‍പോർട്ട് പ്രൈസുള്ള നഗരമെന്ന റെക്കോർഡ് സിംഗപ്പൂരിനാണ്.

ഈ വര്‍ഷം ആഗസ്ത് 14 മുതല്‍ സെപ്തംബര്‍ 11 വരെ 173 നഗരങ്ങളിലെ 200ലധികം ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ഷത്തില്‍ രണ്ടുതവണ സര്‍വേ ചെയ്യുകയും, അവ യുഎസ് ഡോളറില്‍ കണക്കാക്കിയുമാണ് EIU റാങ്കിങ് തയ്യാറാക്കിയത്. പ്രതിവർഷം ശരാശരി 7.4 ശതമാനമാണ് വില വർധന രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ റെക്കോർഡ് വർധനയുമായി (8.1 ശതമാനം) താരതമ്യം ചെയ്യുമ്പോൾ ഇടിവാണെങ്കിലും 2017-2021 ലെ ട്രെൻഡിനേക്കാൾ ഗണ്യമായി ഉയർന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

കറാച്ചി, അഹമ്മദാബാദ്, ചെന്നൈ എന്നീ ഏഷ്യന്‍ നഗരങ്ങളാണ് ഈ വര്‍ഷത്തെ റാങ്കിംഗിലെ ഏറ്റവും അവസാനത്തെ പത്ത് സ്ഥാനങ്ങളില്‍ മൂന്നെണ്ണം. നാല് ചൈനീസ് നഗരങ്ങളും (നാന്‍ജിംഗ്, വുക്സി, ഡാലിയന്‍, ബീജിംഗ്) രണ്ട് ജാപ്പനീസ് നഗരങ്ങളും (ഒസാക്ക, ടോക്കിയോ) ഈ വര്‍ഷം റാങ്കിംഗില്‍ ഏറ്റവും താഴേക്ക് നീങ്ങുന്നവയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!