സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു യെച്ചൂരിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മികച്ച പാര്‍ലമെന്റേറിയനായി കഴിവ് തെളിയിച്ച വ്യക്തി കൂടിയായിരുന്നു യെച്ചൂരിയെന്നും എക്സില്‍ പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തില്‍ പ്രധാനമന്ത്രി കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
യെച്ചൂരിക്കൊപ്പം കൈപിടിച്ച് നില്ക്കുന്ന ചിത്രത്തിനൊപ്പമാണ് മോദി കുറിപ്പ് പങ്കുവെച്ചത്. യെച്ചൂരി ദീര്‍ഘ കാല സുഹൃത്താണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. യൂണിവേഴ്സിറ്റി കാലം തൊട്ട് യെച്ചൂരിയെ അറിയാം. 70- 80 കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന യുവജന നേതാവാണ് യെച്ചൂരിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് യെച്ചൂരിയുടെ മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് സീതാറാം യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെന്റിലേറ്ററില്‍ സഹായത്തില്‍ ആയിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മൂന്നാം ടേം പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയാണ് സീതാറാം യെച്ചൂരിയുടെ വിടവാങ്ങല്‍. സീതാറാമിന്റെ രാഷ്ട്രീയ ജീവിതം ഇന്ത്യയുടെ കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലത്തെ മുന്നണി രാഷ്ട്രീയ ചരിത്രമാണ്.