ആലപ്പുഴ: മകളെ കൊന്ന കേസിലെ പ്രതിയായ അച്ഛൻ ട്രെയിനിൽ നിന്ന് ചാടി മരിച്ചു. മാവേലിക്കര സ്വദേശി ശ്രീമഹേഷ് ആണ് മരിച്ചത്. മാവേലിക്കരയിൽ മകളെ മഴു കൊണ്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ശാസ്താംകോട്ട വച്ച് ട്രെയിനിൽ നിന്ന് ചാടി ജീവനൊടുക്കുക ആയിരുന്നു. വിചാരണയ്ക്ക് ശേഷം തിരുവനന്തപുരത്തെ ജയിലിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു മരണം.
വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. മെമു ട്രെയിൻ നിന്നാണ് മഹേഷ് ചാടിയത്. മൂത്രമൊഴിക്കാനെന്ന വ്യാജേന പോയ മഹേഷ് കൂടെയുണ്ടായിരുന്ന രണ്ടു പൊലീസുകാരെ തള്ളിമാറ്റിയാണ് ട്രെയിനിൽ നിന്ന് ചാടിയത്. മൃതദേഹം ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.കഴിഞ്ഞ ജൂൺ ഏഴിനാണ് കേരളത്തെ നടുക്കിയ സംഭവമുണ്ടായത്. ആറുവയസുകാരി നക്ഷത്രയെ മഹേഷ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഒരു സർപ്രൈസ് തരാമെന്ന് പറഞ്ഞ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. കുട്ടി തൽക്ഷണം മരിച്ചു.ഇയാളുടെ ഭാര്യ സംഭവം നടക്കുന്നതിന് മൂന്ന് മാസം മുൻപ് മരിച്ചിരുന്നു. തുടർന്ന് പുനർവിവാഹം നടത്താൻ പദ്ധതിയുണ്ടായിരുന്നു മഹേഷിന്. ആലോച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് ഒരു യുവതി പിന്മാറിയതിന് ശേഷം ശ്രീമഹേഷ് കടുത്ത നിരാശയിലായിരുന്നു. തന്റെ പുനർവിവാഹത്തിന് മകളാണ് തടസമെന്ന കണ്ടതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ സ്വന്തം മാതാവിനെയും ഇയാൾ വെട്ടിപരിക്കേൽപിച്ചിരുന്നു.മഹേഷിന്റെ സാക്ഷി വിസ്താരം ജനുവരി 16 ന് ആരംഭിക്കാനായി കേസ് കോടതി മാറ്റിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് സംഭവം. അറസ്റ്റിലായതിനെ ശേഷം മാവേലിക്കര സബ് ജയിലിൽ വെച്ചും ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് മരിക്കാൻ ഇയാൾ ശ്രമിച്ചിരുന്നു.