കടുത്തുരുത്തി: 15 വര്‍ഷത്തിലേറേയായുള്ള കാത്തിരിപ്പിനൊടുവില്‍ നിര്‍ദ്ധനയും വിധവയുമായ ഞീഴൂര്‍ മണലേല്‍പറമ്പില്‍ ലക്ഷ്മിക്കുട്ടിയമ്മയ്ക്കും മകനും സ്വന്തമായി കിടപ്പാടമായി. ഞീഴൂര്‍ നിത്യസഹായകന്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഇവര്‍ക്ക് ഭവനമൊരുക്കി കൈമാറിയത്. ഇടിഞ്ഞു വീഴാറായ കുടിലിലായിരുന്നു ലക്ഷ്മിക്കുട്ടിയമ്മയുടെയും മകന്റെയും താമസം. ഇവരുടെ അവസ്ഥകള്‍ മനസ്സിലാക്കിയ ഞീഴൂര്‍ നിത്യസഹായകന്‍ ട്രസ്റ്റ് സുമനസ്സുകളുടെ സഹായത്താല്‍ ഇവര്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കുകയായിരുന്നു. ഭവനത്തിന്റെ വെഞ്ചരിപ്പ് തുരുത്തിപള്ളി സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ.ഇഗ്‌നേഷ്യസ് നടുവിലെകുറ്റും വീടിന്റെ താക്കോല്‍ദാനം ഫാ.അജീഷ് കുഞ്ചിറക്കാട്ടും നിര്‍വഹിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് അനില്‍ ജോസഫ് അധ്യക്ഷ വഹിച്ച സമ്മേളനത്തില്‍ രോഗികള്‍ക്കുള്ള സഹായം ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ് കൈമാറി. വൈസ് പ്രസിഡന്റ് ഡി.അശോക് കുമാര്‍, സിസ്റ്റര്‍ ബെന്നറ്റ്, ഹോം കോര്‍ഡിനേറ്റര്‍ ജിയോ കുന്നശ്ശേരി, പി.ആര്‍. സുഷമ, എന്‍.മണിലാല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. കൂടാരം ഭവന പദ്ധതിയിലൂടെ നിത്യസഹായകന്‍ നിര്‍മിച്ചു നല്‍കുന്ന ഏഴാമത്തെ ഭവനമാണ് ലക്ഷ്മിക്കുട്ടിയമ്മക്കു കൈമാറിയത്.