24 December 2024

സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം/ ഹയര്‍ സെക്കന്ററി തുല്യതാ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു. പത്താംതരം തുല്യതയ്ക്ക് ഏപ്രില്‍ 30 വരെയും ഹയര്‍സെക്കന്ററി തുല്യതയ്ക്ക് ഏപ്രില്‍ 29 വരെയും 50 രൂപ ഫൈനോടെ രജിസ്‌ട്രേഷന്‍ നടത്താം.

പത്താംതരം തുല്യതാ കോഴ്‌സ് പാസാകുന്നവര്‍ക്ക് എസ്എസ്എല്‍സി പാസാകുന്നവരെ പോലെ ഉന്നത പഠനത്തിനും പ്രൊമോഷനും പിഎസ് സി നിയമനത്തിനും അര്‍ഹതയുണ്ട്. ഏഴാം തരം തുല്യത / ഏഴാം ക്ലാസ് പാസായ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 2019 വരെ എസ്എസ്എല്‍സി പരീക്ഷ എഴുതി തോറ്റവര്‍ക്കും പത്താംതരം തുല്യതയ്ക്ക് ചേരാവുന്നതാണ്.

പത്താംതരം / പത്താം ക്ലാസ് പാസായ 22 വയസ്സ് പൂര്‍ത്തിയായവര്‍ക്കും പ്ലസ് ടൂ / പ്രീഡിഗ്രീ തോറ്റവര്‍ക്കും ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തിയവര്‍ക്കും ഹയര്‍ സെക്കന്ററി കോഴ്‌സിന് (ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിലേക്ക് ) അപേക്ഷിക്കാവുന്നതാണ്. പത്താംതരം തുല്യതയ്ക്ക് 1950 രൂപയും, ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് 2600 രൂപയുമാണ് കോഴ്‌സ് ഫീസ്.

എസ് സി/ എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 40 ശതമാനത്തില്‍ കൂടുതല്‍ അംഗവൈകല്യമുള്ളവര്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ പഠിതാക്കള്‍ക്കും കോഴ്‌സ് ഫീസ് അടയ്‌ക്കേണ്ടതില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ പഠിതാക്കള്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് 1000/- രൂപാ വീതവും ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് 1250 / – രൂപാ വീതവും പഠനകാലയളവില്‍ ലഭിക്കുന്നതാണ്.

വിശദ വിവരങ്ങള്‍ക്ക് കാക്കനാട് സിവില്‍ സ്റ്റേഷന്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ഓഫീസുമായോ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍/ വികസന വിദ്യാകേന്ദ്രം പ്രേരകുമാരയോ ബന്ധപ്പെടാം. www.kslma.keltron.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായും അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!