കുതിച്ചുയരുന്ന സ്വര്‍ണ വിലയ്ക്ക് പിന്നാലെ ജ്വല്ലറികളില്‍ ഡയമണ്ട് ആഭരണങ്ങളും വണ്‍ ഗ്രാം ആഭരണങ്ങളുമാണ് ഇപ്പോള്‍ താരമായി കൊണ്ടിരിക്കുന്നത്. സ്വര്‍ണ്ണവില അടിക്കടി വര്‍ധിക്കുന്നതോടെ ജ്വല്ലറികളിലുള്ള ഭാരണം കൂടിയ ആഭരണങ്ങളോട് പലര്‍ക്കും താല്‍പര്യം കുറയുന്നതായാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നത്. ഇന്ന് പെണ്‍കുട്ടികള്‍ വളരെ ട്രെന്‍ഡി ആയിട്ടുള്ള തൂക്കം കുറഞ്ഞ നേരിയ ആഭരണങ്ങള്‍ ധരിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇതോടെ ജ്വല്ലറികളും ഈ ട്രെന്‍ഡിലേക്ക് മാറുന്നു എന്നാണ് വിപണിയില്‍ല്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.
ഭാരം കുറഞ്ഞ 18 ക്യാരറ്റ് സ്വര്‍ണാഭരണങ്ങളോടാണ് ഇപ്പോള്‍ പലര്‍ക്കും പ്രിയ വര്‍ധിച്ചിരിക്കുന്നത്. 22 ക്യാരറ്റ് സ്വര്‍ണം വാങ്ങിക്കണമെങ്കില്‍ കൂടുതല്‍ വില നല്‍കണമെന്നതിനാല്‍ പലരും 18 ക്യാരറ്റ് സ്വര്‍ണമാണ് ഇപ്പോള്‍ വാങ്ങുന്നത്. ഇതിന് പുറമേ പുതിയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിന് പകരം കയ്യിലുള്ള പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങുന്ന ട്രെന്‍ഡും നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന വില്‍പ്പനയില്‍ 60% വും പഴയ സ്വര്‍ണം എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയത് വാങ്ങുന്നതാണ്. ആവശ്യക്കാര്‍ കൂടിയതിനാല്‍ ഭാരം കുറഞ്ഞ ജ്വല്ലറികള്‍ ആണ് ഇപ്പോള്‍ പലരും സൂക്ഷിക്കുന്നത്.
സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധനവോടെ വില്‍ക്കുന്ന സ്വര്‍ണത്തിന്റെ അളവില്‍ കുറവുണ്ടായെങ്കിലും ജ്വല്ലറികളുടെ വരുമാനത്തെ ഇത് കാര്യമായി ബാധിക്കുന്നില്ല. കാരണം വില്പനയില്‍ ഏതാണ്ട് 40% കുറവ് വന്നിട്ടുണ്ടെങ്കിലും ഉയര്‍ന്ന വില ഉള്ളതിനാല്‍ ജ്വല്ലറികള്‍ക്ക് വില്‍പ്പന കുറവ് ഒരു പ്രശ്‌നമാകുന്നില്ല. നേരത്തെ പലരും 20 പവന്‍ ഇല്ലെങ്കില്‍ 15 പവന്‍ ഈ രീതിയില്‍ വാങ്ങിക്കാന്‍ ആയിരുന്നു ജ്വല്ലറികളില്‍ എത്തുന്നത്. എന്നാല്‍ ഇന്നത് മാറി നിശ്ചിത തുകയ്ക്ക് ഉദാഹരണത്തിന് 5 ലക്ഷത്തിന് 10 ലക്ഷത്തിന് ലഭിക്കുന്ന സ്വര്‍ണ്ണം വാങ്ങി തിരിച്ച് പോകുന്ന അവസ്ഥയാണ് നിലവിലുള്ളത് എന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ഇതിന് പുറമേ വണ്‍ ഗ്രാം സ്വര്‍ണത്തിലുള്ള ആഭരണങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറുന്നുണ്ട്. സില്‍വര്‍, അലോയ്, ചെമ്പ് എന്നിവയില്‍ 22,24 ക്യാരറ്റ് സ്വര്‍ണം പൊതിഞ്ഞുള്ളതാണ് വണ്‍ ഗ്രാം സ്വര്‍ണം. കൂടാതെ ഡയമണ്ട് ആഭരണങ്ങള്‍ക്കും കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നുണ്ട്.
അതേ സമയം സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിനില്‍ക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ബുധനാഴ്ച പവന് 320 രൂപ വര്‍ധിച്ച് 58,720 രൂപയായാണ് പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7340 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് ഓരോ ദിവസം കഴിയുന്തോറും വില ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് മുന്നേറ്റം കാഴ്ചവെച്ചത്.
ഒക്ടോബര്‍ 4,5, 6, 12,13, 14 തീയതികളില്‍ 56,960 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഒക്ടോബര്‍ 16നാണ് വില 57000 കടന്നത്. ഒക്ടോബര്‍ 19 ന് ഇത് 58000വും കടന്നു. അതേസമയം ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.