കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഐഎം. പി പി ദിവ്യയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. ജില്ലാ സമ്മേളനം കഴിഞ്ഞ് വരുന്ന പുതിയ ജില്ലാ കമ്മിറ്റിയില്‍ ദിവ്യയെ ഉള്‍പ്പെടുത്താതിരിക്കാനാണ് തീരുമാനം. നടപടി പ്രത്യക്ഷത്തില്‍ പ്രഖ്യാപിക്കാതെ പരോക്ഷമായി നടപ്പില്‍ വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാര്‍ട്ടിയെന്ന് നിരന്തരം പാര്‍ട്ടി വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പി പി ദിവ്യക്കെതിരെ നടപടിയെടുക്കാനും പാര്‍ട്ടി നിര്‍ബന്ധിതരാണ്. പാര്‍ട്ടി അംഗമായ പി പി ദിവ്യക്കെതിരെ സംഘടനാ തലത്തില്‍ നടപടിയെടുക്കാതെ പാര്‍ട്ടി ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. ഇതോടെ പാര്‍ട്ടിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ നടപടി സ്വീകരിക്കാന്‍ വൈകുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാകും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സമ്മേളന കാലത്തെ ഈ അസാധാരണ നടപടി.
അതേസമയം തൃശൂരില്‍ ചേര്‍ന്ന യോഗത്തില്‍ പി പി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടന്‍ ഇല്ലെന്നും തിടുക്കത്തില്‍ തീരുമാനം വേണ്ടെന്നുമായിരുന്നു തീരുമാനം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം വരുന്ന മുറയ്ക്ക് മാത്രം നടപടി മതിയെന്നും യോഗത്തില്‍ ധാരണയായിരുന്നു.
ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 29-നാണ് വിധി പറയുന്നത്. എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്
എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.