മുന്‍ എസ്പി സുജിത്ത് ദാസിനെ സിബിഐ ചോദ്യം ചെയ്തു. താനൂര്‍ കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. നേരത്തെ ഈ കേസില്‍ സുജിത് ദാസിനെ ഒരു തവണ ചോദ്യം ചെയ്തിരുന്നു. പി.വി അന്‍വര്‍ എം.എല്‍.എയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്തത്. തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തി ആയിരുന്നു ചോദ്യം ചെയ്യല്‍. നാലുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ നേരത്തെയുള്ള മൊഴിയും ഇപ്പോഴത്തെ മൊഴിയും പരിശോധിച്ചു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ് സിബിഐ.
അതേസമയം എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ നല്‍കിയ പരാതിയില്‍ നടപടികള്‍ തുടരുകയാണ്. സംസ്ഥാന പോലീസ് തലപ്പത്തെ ഒന്നാമന്‍ രണ്ടാമനായ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്ന അപൂര്‍വ സംഭവമാണ് ഇന്ന് പൊലീസ് ആസ്ഥാനത്ത് നടന്നത്. അതും ഭരണകക്ഷി എം.എല്‍.എയുടെ പരാതിയിലെന്നതും ഏറെ ശ്രദ്ധേയമാണ്. മലപ്പുറത്തെ സ്വര്‍ണംപിടിക്കല്‍, റിദാന്‍ കൊലപാതകം, വ്യവസായിയായ മാമി തിരോധാനക്കേസ്, ഫോണ്‍ ചോര്‍ത്തല്‍, തൃശൂര്‍ പൂരം കലക്കല്‍, കവടിയാറിലെ കെട്ടിടനിര്‍മാണം തുടങ്ങി പി.വി.അന്‍വര്‍ നല്‍കിയ പരാതിയിലെ പ്രധാന ആരോപണങ്ങളെല്ലാം നാല് മണിക്കൂറോളം നീണ്ട മൊഴിയെടുപ്പില്‍ ഡിജിപി ചോദ്യങ്ങളായി ഉര്‍ത്തി. ചിലതിന് രേഖകളുയര്‍ത്തിയും അല്ലാത്തതിന് വിശദീകരണത്തോടെയും എഡിജിപി മറുപടി നല്‍കി. അജിത്കുമാറിന്റെ കീഴുദ്യോഗസ്ഥരായ ഐജി സ്പര്‍ജന്‍കുമാറും പങ്കെടുത്ത മൊഴിയെടുപ്പ് ക്യാമറയില്‍ പകര്‍ത്തി.
അന്‍വറിന്റെ ആരോപണങ്ങള്‍ യുക്തിക്ക് പോലും നിരക്കാത്തതാണെന്ന് ആവര്‍ത്തിച്ച് നിഷേധിച്ച അജിത്കുമാര്‍ സത്യം തെളിയാന്‍ ആരേക്കാള്‍ കാത്തിരിക്കുന്നത് താനാണെന്നും ഡിജിപിയോട് വിശദീകരിച്ചു. എ.ഡി.ജി.പിയുടെ മറുപടിയും ഇതുവരെ ശേഖരിച്ച തെളിവുകളും വിലയിരുത്തി അടുത്ത ആഴ്ചയോടെ ഡിജിപി റിപ്പോര്‍ട്ട് നല്‍കും. അജിത്കുമാറിനെ മാറ്റണോയെന്നതിലും രാഷ്ട്രീയ ആരോപണങ്ങളെ പ്രതിരോധിച്ച മുഖ്യമന്ത്രിയുടെ തുടര്‍നീക്കത്തിലും ഈ റിപ്പോര്‍ട്ട് നിര്‍ണായകമാവും.