തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി ഉടമയെ കഴുത്തറുത്ത് കൊന്ന കേസില്‍ മുഖ്യ സൂത്രധാരന്‍ സുനില്‍കുമാര്‍ പോലീസ് പിടിയില്‍. മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സുനില്‍ കുമാറിനെ തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. കഴിഞ്ഞദിവസം ഇയാളുടെ കാര്‍ കന്യാകുമാരി കുലശേഖരത്ത് റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
മുഖ്യപ്രതി ചൂഴാറ്റുകോട്ട സ്വദേശി സജികുമാര്‍ എന്ന അമ്പിളിക്ക് കൊലപാതം നടത്താനുള്ള ആയുധങ്ങള്‍ നല്‍കിയത് സുനിലാണ്. സജികുമാറിന്റെ സുഹൃത്താണ് സുനില്‍. ജൂണ്‍ 24 തിങ്കളാഴ്ച രാത്രിയാണ് ക്വാറി ഉടമയായ എസ്.ദീപു(46)വിനെ കളിയിക്കാവിളയില്‍ കാറിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. . ദീപുവിന്റെ കൈയിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയും നഷ്ടമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടയും നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയുമായി അമ്പിളി പിടിയിലാകുന്നത്.
ദീപുവിനെ കൊലപ്പെടുത്തിയത് ക്ലോറോഫോം മണപ്പിച്ച ശേഷമെന്ന് കേസിലെ പ്രതി അമ്പിളി മൊഴി നല്‍കിയിരുന്നു. സുനിലാണ് ക്ലോറോഫോം നല്‍കിയതെന്ന് മൊഴി നല്‍കിയത്. ദീപുവില്‍നിന്ന് കവര്‍ന്ന പണത്തില്‍ ഏഴുലക്ഷം രൂപയും ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെത്തിയിരുന്നു. സുനില്‍കുമാര്‍ നല്‍കിയ കൊട്ടേഷന്‍ എന്നായിരുന്നു അറസ്റ്റിലായ പ്രതി സജികുമാറിന്റെ ആദ്യ മൊഴി നല്‍കിയത്.